ന്യൂഡല്‍ഹി : ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി രണ്ട്് വിമാനങ്ങള്‍ ഒരേ സമയം ഒരേ റണ്‍വേയില്‍ എത്തി. എന്നാല്‍ വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. വിസ്താര കമ്പനിയുടേതാണ് രണ്ട് വിമാനങ്ങളും.
രണ്ട്് വിമാനങ്ങള്‍ക്കും ഒരേ സമയം ലാന്‍ഡിംഗിനും ടേക്കോഫിനും അനുമതി നല്‍കിയതാണ് ഇതിന് കാരണം. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയ അപകടം ഒഴിവായത്. ഇരു വിമാനങ്ങളിലുമായി 300 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 1.8 കിലോമീറ്റര്‍ ദൂരം മാത്രമായിരുന്നു അപകടം തിരിച്ചറിഞ്ഞ നിമിഷം ഇരു വിമാനങ്ങളും തമ്മിലുണ്ടായിരുന്നത്.
29Lറണ്‍വേയിലിറങ്ങിയ അഹമ്മദാബാദ്-ഡല്‍ഹി വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളി (എടിസി)ന്റെ നിര്‍ദേശമനുസരിച്ച് 29R റണ്‍വേ ക്രോസ് ചെയ്ത് പാര്‍ക്കിങ് ബേയിലേക്ക് നീങ്ങി. അതേസമയത്ത് തന്നെ ഡല്‍ഹി-ബഗ്ദോഗ്ര വിമാനത്തിനും 29 R റണ്‍വേയിലൂടെ ടേക്ക് ഓഫിനുള്ള അനുമതി നല്‍കി. എന്നാല്‍ ഇക്കാര്യം എടിസി ഉദ്യോഗസ്ഥന്‍ മറന്ന് പോയതാണ് സംഭവത്തിന് കാരണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു. അഹമ്മദാബാദ്-ഡല്‍ഹി വിമാനത്തിലെ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എടിസി പിഴവുപറ്റിയ കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് എടിസി നല്‍കിയ നിര്‍ദേശമനുസരിച്ച് ഡല്‍ഹി-ബഗ്ദോഗ്ര വിമാനത്തിന്റെ ടേക്ക് ഓഫ് ടവര്‍ കണ്‍ട്രോളര്‍ റദ്ദാക്കി.
അഹമ്മദാബാദ്-ഡല്‍ഹി വിമാനത്തിന്റെ പൈലറ്റ് നാല്‍പത്തഞ്ചുകാരി സോനു ഗില്ലിന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവാകാന്‍ കാരണമായത്. യാത്ര റദ്ദാക്കിയ ഡല്‍ഹി-ബഗ്ദോഗ്ര വിമാനം ഉടനെ തന്നെ പാര്‍ക്കിങ് ബേയിലേക്ക് മാറ്റി. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെറ്റ് പറ്റിയ എടിസി ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായി ഡിജിസിഎ അറിയിച്ചു.








