ന്യൂഡൽഹി : നീണ്ട നാളത്തെ കാത്തിരിപ്പിനും പരിശ്രമങ്ങൾക്കുമൊടുവിൽ ഭാരതത്തിന്റെ സ്വന്തം ചാന്ദ്രയാൻ 3 ഇതാ ചന്ദ്രനെ സ്പർശിച്ചിരിക്കുകയാണ്. ഇതുവരെ ആർക്കും എത്തിച്ചേരാനാകാത്ത ദക്ഷിണ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലാണ് ചാന്ദ്രയാൻ സോഫ്റ്റ് ലാന്റിംഗ് ചെയ്തത്. രാജ്യം അഭിമാനത്തിന്റെ കൊടുമുടിയിലെത്തിയിരിക്കുമ്പോഴും ഇന്ത്യയുടെ ലക്ഷ്യങ്ങൾ ചന്ദ്രനിൽ ഒതുങ്ങുന്നില്ല ഇനിയും ഉയരെയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
അതിനിടെ ചാന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് രാജസ്ഥാനിലെ യുവജനകാര്യ, കായിക മന്ത്രി അശോക് ചന്ദന നടത്തിയ വിചിത്രമായ പ്രസ്താവനയാണ് ശ്രദ്ധനേടുന്നത്. ‘ചന്ദ്രനിലേക്ക് പോയ എല്ലാ യാത്രക്കാരെയും സല്യൂട്ട് ചെയ്യുന്നു’ എന്നാണ് അശോക് ചന്ദന പറഞ്ഞത്.
‘ഞങ്ങൾ സുരക്ഷിതമായ ലാൻഡിംഗ് നടത്തി, ഞങ്ങൾ വിജയിക്കുകയും ചെയ്തു. ചന്ദ്രനിലേക്ക് പോയ യാത്രക്കാരെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു,” മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ചന്ദന പറഞ്ഞു.
ഇതോടെ സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാവിനെതിരെ ട്രോളുകൾ നിറയുകയാണ്. ചാന്ദ്രയാൻ 3 മനുഷ്യരെ വഹിച്ചുകൊണ്ട് പോകുന്ന പേടകമല്ലെന്നും അതിൽ റോവർ ആണ് ഘടിപ്പിച്ചിരിക്കുന്നത് എന്ന് പോലും അറിയാത്തവരാണോ നാട് ഭരിക്കുന്നത് എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.










