കാക്കനാട്: സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട കൊച്ചി നഗരസഭ അവരുടെ കടമയും കര്‍ത്തവ്യവും നിറവേറ്റാതെ സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ കൗണ്‍സിലിനെ നോക്കുകുത്തിയാക്കുകയാണെന്ന് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.
ലോഗോയും ടാഗ് ലൈനുമല്ല സ്മാര്‍ട്ട് സിറ്റി എന്ന് തുടങ്ങുന്ന പോസ്റ്റില്‍ ജനങ്ങളെ അലട്ടുന്ന നൂറുകണക്കിന് പ്രശ്നങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ പ്രതിജ്ഞാബദ്ധമായ കൊച്ചി നഗരസഭാ ഭരണസമിതി സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ കൗണ്‍സിലിന്റെ സമയം പാഴാക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു.
രാജ്യത്തെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റികളിലൊന്നാകാന്‍ ഒരുങ്ങുകയാണ് കൊച്ചി. മാലിന്യ കൂമ്പാരത്താല്‍ ചീഞ്ഞളിഞ്ഞ തെരുവോരങ്ങള്‍, പൊട്ടിപ്പൊളിഞ്ഞ, നടപ്പാതകളില്ലാത്ത റോഡുകള്‍, ആസൂത്രണമില്ലാതെ കെട്ടി ഉയര്‍ത്തിയ കെട്ടിടങ്ങള്‍… ഇതിനെല്ലാം പരിഹാരമാകേണ്ട പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി. എന്നാല്‍, കൊച്ചിയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത കൗണ്‍സിലിന്റെ ചര്‍ച്ചാവിഷയം ലോഗോയും ടാഗ് ലൈനും… നഗരത്തിലെ കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും നീലപ്പെയിന്റടിക്കലും….
സ്വീവറേജ് സംസ്കരണത്തിനായി കെ.എസ്.യു.ഡി.പി മുഖേന അനുവദിച്ച പദ്ധതി അവതാളത്തില്‍ പോയതിനെക്കുറിച്ചുളള ചര്‍ച്ച, ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച ചര്‍ച്ച……..
ഇങ്ങനെ എന്തെങ്കിലും പ്രതീക്ഷിക്കുന്ന ജനങ്ങളല്ലേ വിഢികള്‍.
നമ്മുടെ തെരുവുകളില്‍ മാലിന്യമുണ്ടാകാതിരിക്കാന്‍, പൊതുഗതാഗതം മെച്ചപ്പെടുത്താന്‍, നഗരവികസനം ആസൂത്രിതമാകാന്‍… എന്തെങ്കിലും ചര്‍ച്ച നടക്കുമോ.. ഇനിയെങ്കിലും. എന്ന് പോസ്റ്റില്‍ രാജമാണിക്യം ചോദിക്കുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് രണ്ടാഴ്ചയോളം മേയറുടെ സ്ഥാനം താന്‍ വഹിച്ചപ്പോള്‍ ഒട്ടനവധി കാര്യങ്ങള്‍ തനിക്ക് മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. താന്‍ മേയറായി സ്ഥാനമേറ്റ ഉടന്‍ തന്നെ ബ്രഹ്മപുരത്തെ പ്ലാന്റിന്റെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ ക്യാമറകള്‍ സ്ഥാപിച്ചു. റോഡിലൂടെ ലോറികളില്‍ കെട്ടിപ്പൊതിയാതെ കൊണ്ടുപോയ മാലിന്യങ്ങള്‍ അടച്ചുകെട്ടി കൊണ്ടുപോകാന്‍ നിര്‍ദേശം നല്കി.
നഗരത്തിനകത്ത് സര്‍ക്കാര്‍ ഭൂമി കൈയേറി പാര്‍ക്കിങ് ഏരിയ നിര്‍മിച്ച 32 കെട്ടിട സമുച്ചയങ്ങളുടെ ഉടമകള്‍ക്ക്, വേണ്ട പരിശോധന നടത്തി താന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഭരണസമിതി അത് തള്ളിക്കളഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ പ്രതികരിച്ചു.
//
ലോഗോയും ടാഗ് ലൈനുമല്ല സ്മാര്‍ട്ട് സിറ്റി…??രാജ്യത്തെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റികളിലൊന്നാകാന്‍ ഒരുങ്ങുകയാണ് കൊച്ചി. …
Posted by Collector, Ernakulam on Friday, December 11, 2015
Discussion about this post