കാസർകോട്: ബേഡകം എസ്‌ഐ വിജയന്റെ ആത്മഹത്യയ്ക്ക് പിന്നിൽ സിപിഎം നേതാക്കളാണെന്ന് ആരോപണം. കോൺഗ്രസ് നേതാവും കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ ആണ് ആരോപണവുമായി രംഗത്ത് എത്തിയത്. എസ്‌ഐയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പീഡനത്തിന് കേസ് എടുക്കാൻ മരിച്ച എസ്‌ഐ വിജയന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. സിപിഎം നേതാക്കളും ഉദ്യോഗസ്ഥരും അദ്ദേഹത്തെ മാനസിക സമ്മർദ്ദത്തിലാക്കി. ഇതേ തുടർന്നാണ് വിജയൻ ആത്മഹത്യ ചെയ്തത്. പ്രതികൾക്ക് മേൽ കൊലക്കുറ്റം ചുമത്തണം എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വിജയൻ കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വിഷം കഴിച്ച് അവശനായ നിലയിൽ പോലീസ് ക്വാട്ടേഴ്‌സിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില കൂടുതൽ മോശമായതിനെ തുടർന്ന് അദ്ദേഹത്തെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്ക് മേൽ ഉണ്ടായ മനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അദ്ദേഹത്തിന്റെ മരണ മൊഴി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post