തൃശ്ശൂർ: മുൻ മന്ത്രി എസി മൊയ്തീനെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി ഇഡി. മൊയ്തീന്റെ നിർദ്ദേശത്തെ തുടർന്നാണ് കരുവന്നൂർ ബാങ്കിൽ ബിനാമി ഇടപാടുകൾ നടന്നത് എന്നാണ് ഇഡി വ്യക്തമാക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൊയ്തീൻ ഉൾപ്പെടെയുള്ളവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് നിർണായക കണ്ടെത്തൽ.
പാവങ്ങളുടെ സ്വത്തുക്കുൾ പണയപ്പെടുത്തിയാണ് ബിനാമി ഇടപാടുകൾ നടത്തിയത് എന്നാണ് കണ്ടെത്തൽ. ഇതിന് രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കൾവരെ കൂട്ടുനിന്നു. ഇത്തരത്തിൽ 150 കോടി രൂപയാണ് തട്ടിയെടുത്തത് എന്നും ഇഡി വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഇത്തരത്തിൽ തട്ടിപ്പ് നടത്തി സ്വന്തമാക്കിയ 15 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. 36 വസ്തുവകകൾ ആണ് കണ്ടുകെട്ടിയത്. മൊയ്തീന്റെ സ്വത്തുക്കൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നുവെന്നാണ് സൂചന. സ്വത്തുക്കൾ കണ്ടുകെട്ടിയതിന് പുറമേ 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൊയ്തീൻ ഉൾപ്പെടെ നാല് പേരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. ഇവിടെ നിന്നും നിർണായക വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. മതിയായ ഈടോ രേഖകളോ ഇല്ലാതിയാണ് കരുവന്നൂർ ബാങ്കിൽ നിന്നും വൻ തുകകൾ വായ്പയായി നൽകിയത്. ഇത് തിരിച്ച് ഈടാക്കാൻ കഴിയാതെ വന്നതോടെ ബാങ്ക് പ്രതിസന്ധിയിലാകുകയായിരുന്നു. ദിവസ വേതനത്തിൽ നിന്നും മിച്ചം വയ്ച്ച് നിക്ഷേപം നടത്തിയവർക്ക് ഉൾപ്പെടെയായിരുന്നു പണം നഷ്ടമായത്.
Discussion about this post