ന്യൂഡൽഹി : ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ ചന്ദ്രനിൽ തൊട്ടപ്പോൾ അയൽ രാജ്യമായ പാകിസ്താനിലും അതിന്റെ അനുരണനങ്ങൾ ഉണ്ട്. പാക് യൂട്യൂബർമാരാണ് ജനങ്ങളുടെ അഭിപ്രായങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തെത്തിക്കുന്നത്. ഇതിൽ പലതും വൈറലാകുന്നുമുണ്ട്. ഇന്ത്യയേക്കാൾ മുന്നേ പാകിസ്താൻകാർ ചന്ദ്രനിലെത്തിയെന്നും ഇന്ത്യ ഇനി എവിടെയെത്തിയാലും സ്വർഗത്തിലെത്തുക പാകിസ്താൻകാർ ആണെന്നുമുള്ള മറുപടികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ഇന്ത്യയുടെ ചാന്ദ്രയാൻ വിജയിച്ചതോടെ പാകിസ്താന്റെ ബഹിരാകാശ ഏജൻസിയായ സുപാർകോക്കെതിരെ വലിയ പ്രതിഷേധമാണ് ട്വിറ്ററിലും മറ്റും നടക്കുന്നത്. ഇന്ത്യൻ സ്പേസ് ഏജൻസിയായ ഐ.എസ്.ആർ.ഒയുടെ തലപ്പത്ത് ശാസ്ത്രജ്ഞന്മാർ ആകുമ്പോൾ പാക് ഏജൻസിയായ സുപാർകോയുടെ തലപ്പത്ത് സൈനിക ജനറൽമാരാണെന്ന് പാകിസ്താൻ സ്വദേശികൾ ചൂണ്ടിക്കാട്ടുന്നു. പിന്നെ എങ്ങനെയാണ് പാകിസ്താൻ ഇക്കാര്യത്തിൽ വിജയിക്കുക എന്നും അവർ ചോദിക്കുന്നു.
യൂട്യൂബർമാരുടെ ചോദ്യങ്ങൾക്കാണ് പലരും രസകരമായി പ്രതികരിക്കുന്നത്. ഇന്ത്യ ശാസ്ത്ര സാങ്കേതിക മേഖലയിലും മറ്റെല്ലാ മേഖലകളിലും വളരെ മുന്നിലാണെന്നും ചിലപ്പോൾ ക്രിക്കറ്റിൽ മാത്രം പാകിസ്താന് ജയിക്കാൻ കഴിയുമെന്നുമാണ് ഒരാളുടെ അഭിപ്രായം. ഇതൊക്കെയാണെങ്കിലും സ്വർഗത്തിൽ പാകിസ്താൻകാരായിരിക്കും എത്തുന്നത്. ഇന്ത്യ ഇനി എത്ര സൂപ്പർ പവറായാലും അവർക്ക് സ്വർഗത്തിൽ എത്താൻ കഴിയില്ലെന്നാണ് ഇയാൾ പറയുന്നത്.
എന്നാൽ ഇന്ത്യ ചന്ദ്രനിൽ എത്തിയില്ലെന്നും എല്ലാം ഗ്രാഫിക്സിന്റെ പരിപാടിയാണെന്നുമാണ് വേറൊരാളുടെ അഭിപ്രായം. ഇന്ത്യക്ക് അത്രയ്ക്ക് മിടുക്കന്മാരായ ഗ്രാഫിക്സ് വിദഗ്ദ്ധർ ഉണ്ട്. ദൈവത്തിനറിയാം ഇതൊക്കെ സത്യമാണോ അല്ലയോ എന്നും ഇയാൾ പറയുന്നു. രസകരമായ മറ്റൊരു അഭിപ്രായം പാകിസ്താൻകാർ എന്നേ ചന്ദ്രനിൽ എത്തിയെന്നതാണ്. ചന്ദ്രനിൽ വെള്ളമില്ല ഇവിടെയുമില്ല, ചന്ദ്രനിൽ ഗ്യാസ് ഇല്ല ഇവിടെയുമില്ല, ചന്ദ്രനിൽ കറന്റില്ല ഇവിടെയുമില്ല. അപ്പോൾ പിന്നെ നമ്മൾ എന്നേ ചന്ദ്രനിൽ എത്തിയില്ലേ എന്നാണ് ഒരു യുവാവ് പരിഹാസത്തോടെ ചോദിക്കുന്നത്.
രസകരമായ അഭിപ്രായങ്ങളും മണ്ടത്തരങ്ങളും ഉയരുമ്പോഴും പാകിസ്താനിലെ സാധാരണ ജനങ്ങൾ ഗൗരവത്തോടെ തന്നെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്. സൈന്യത്തിന്റെ ഇടപെടലും അഴിമതിയും നല്ല സർക്കാരില്ലാത്തതും ദീർഘവീക്ഷണമില്ലായ്മയുമാണ് പാകിസ്താന്റെ പ്രശ്നത്തിനു കാരണമെന്ന് മിക്കവരും അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യയെ അഭിനന്ദിക്കുന്നവരും അഭിപ്രായം പറയുന്നവരിലുണ്ട്. ഇന്ത്യയുടെ ചാന്ദ്രയാൻ നേട്ടം ലൈവായി പാകിസ്താനിലെ കുട്ടികളെ കാണിക്കണമായിരുന്നെന്നും എങ്കിൽ മാത്രമേ അവർക്കും ഭാവിയിൽ അങ്ങനെ മുന്നേറാൻ തോന്നുകയുള്ളൂവെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും സർക്കാരിനെതിരേയും സൈന്യത്തിനെതിരേയും രാഷ്ട്രീയക്കാർക്കെതിരേയും വളരെയധികം അസംതൃപ്തിയാണ് പാകിസ്താനിലെ ജനങ്ങൾക്കെന്ന് വ്യക്തമാക്കുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
Discussion about this post