ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) അംഗത്വം യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് (യുഡബ്ല്യുഡബ്ല്യു) സസ്പെന്‍ഡ് ചെയ്തു. തിരഞ്ഞെടുപ്പ് യഥാസമയം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇതോടെ താരങ്ങള്‍ക്ക് ലോകവേദികളില്‍ ഇനി ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാകില്ല. അതേസമയം, സ്വതന്ത്ര അത്ലറ്റുകളായി അവര്‍ക്ക് മത്സരിക്കാം.
ഗുസ്തി ഫെഡറേഷന് മുന്‍ മേധാവി ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളും അതിനെ തുടര്‍ന്നുണ്ടായ മുന്‍നിര ഗുസ്തി താരങ്ങളുടെ പ്രതിഷേധവും സമരങ്ങളും കാരണമാണ് തിരഞ്ഞെടുപ്പ് നീണ്ടു പോയത്. ഏപ്രിലില്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് (ഐഒസി) ഗുസ്തി ഫെഡറേഷന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു അഡ്ഹോക് കമ്മിറ്റിയെ നിയമിച്ചിരുന്നു.
കമ്മിറ്റി 45 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും എന്നാല്‍ ഇത് പലതവണ വൈകുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഗുസ്തി ഫെഡറേഷനെതിരെ യുഡബ്ല്യുഡബ്ല്യു കടുത്ത നടപടി എടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള 45 ദിവസത്തെ സമയപരിധി പാലിച്ചില്ലെങ്കില്‍ അംഗത്വം റദ്ദാക്കിയേക്കാവുന്ന സാധ്യതയെക്കുറിച്ച് യുഡബ്ല്യുഡബ്ല്യു നേരത്തെ ഗുസ്തി ഫെഡറേഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫെഡറേഷന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്തതോടെ വരുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാകില്ല. ഒളിംപിക്സിനുള്ള യോഗ്യതാ മത്സരം കൂടിയായ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വതന്ത്ര അത്ലറ്റുകളായി മാത്രമേ ഇനി ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുകയുള്ളു.
Discussion about this post