ക്വാലാലംപൂർ : ഇന്ത്യയിലെ ബ്രസീൽ ആരാധകരെയും നെയ്മർ ആരാധകരെയും സന്തോഷം കൊള്ളിക്കുന്ന ഒരു വാർത്തയാണ് ഇന്ന് കായിക ലോകത്തു നിന്നും പുറത്തുവരുന്നത്. ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ ജൂനിയർ ഔദ്യോഗിക ഫുട്ബോള്‍ മത്സരത്തിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തുകയാണ്. ആദ്യമായാണ് നെയ്മർ ഇന്ത്യയിൽ ഒരു മത്സരം കളിക്കുന്നത്. എഎഫ്‍സി ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കാൻ ആയിരിക്കും നെയ്മർ എത്തുക. നെയ്മറുടെ സൗദി ക്ലബായ അല്‍ ഹിലാലും ഐഎസ്എല്‍ സൂപ്പർ ക്ലബായ മുംബൈ സിറ്റി എഫ്സിയും ചാമ്പ്യന്‍സ് ലീഗില്‍ ഒരേ ഗ്രൂപ്പിൽ ആണുള്ളത്.
മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ചാണ് എഎഫ്സി ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് നറുക്കെടുപ്പ് നടന്നത്. ഗ്രൂപ്പ് ഡിയില്‍ ആണ് ഇന്ത്യയുടെ മുംബൈ സിറ്റി ഉൾപ്പെട്ടിട്ടുള്ളത്. ഇതേ ഗ്രൂപ്പിൽ ഉള്ള മറ്റു ടീമുകൾ സൗദിയുടെ അല്‍ ഹിലാലും ഇറാനില്‍ നിന്നുള്ള എഫ്സി നസ്സാജി മസാന്‍ദരനും ഉസ്‍ബെക്കിസ്താന്‍ ക്ലബ് നവ്‍ബഹോറുമാണ്. എഎഫ്‍സി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയിട്ടുള്ള ടീമാണ് നെയ്മറുടെ പുതിയ ക്ലബായ അല്‍ ഹിലാല്‍.
പൂനെയിലെ ബലേവാഡി സ്റ്റേഡിയത്തിലാണ് ഇത്തവണ മുംബൈ സിറ്റിയുടെ ഹോം മത്സരങ്ങള്‍ നടക്കുക.
എഎഫ്സി ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ടാം തവണയാണ് മുംബൈ സിറ്റി എഫ്സി പങ്കെടുക്കുന്നത്. എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരം ജയിക്കുന്ന ആദ്യ ഇന്ത്യന്‍ ടീം എന്ന നേട്ടവും മുംബൈ ക്ലബിന് സ്വന്തമാണ്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ ഇറാഖ് എയർ ഫോഴ്സ് ടീമിനെയാണ് മുംബൈ സിറ്റി എഫ്സി പരാജയപ്പെടുത്തിയത്.
Discussion about this post