ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ താരം പ്രജ്ഞാനന്ദയ്ക്ക് വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും രാജ്യത്തിന്റെ നിരവധി കോണുകളിൽ നിന്നും അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് അനവധി പ്രമുഖർ രംഗത്തെത്തി. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം മോഹൻലാൽ തന്നെ പ്രജ്ഞാനന്ദയ്ക്ക് അഭിനന്ദനങ്ങൾ നേർന്നിരിക്കുകയാണ്. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് മോഹൻലാൽ അഭിനന്ദനങ്ങൾ അറിയിച്ചത്.
ഒരിക്കലും തോൽക്കാതിരിക്കുക എന്നതല്ല നമ്മുടെ മഹത്വം പകരം തോൽവിയിൽ നിന്ന് ഉണർന്നുയരുന്നതാണെന്നാണ് പ്രജ്ഞാനന്ദയെ അഭിനന്ദിച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്.
ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ നിങ്ങളെയോർത്ത് അതിശയിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു, പ്രജ്ഞാനന്ദ ! അടുത്ത തവണ നിങ്ങൾ ഫിഡെ ലോകകപ്പ് നേടുക തന്നെ ചെയ്യും. ” എന്നാണ് പ്രജ്ഞാനന്ദയ്ക്ക് മോഹൻലാൽ നൽകിയ സന്ദേശം.
നിലവിലെ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസണോടാണ് ഇരുപത്തിയൊമ്പതാം നമ്പർ താരമായ പ്രജ്ഞാനന്ദ നീണ്ട പോരാട്ടത്തിന് ശേഷം അടിയറവ് പറഞ്ഞത് . ലോക രണ്ടാം നമ്പർ താരത്തെയും മൂന്നാം നമ്പർ താരത്തെയും തോൽപ്പിച്ചാണ് പ്രജ്ഞാനന്ദ ഫൈനലിൽ കാൾസണുമായി ഏറ്റുമുട്ടിയത്.
Discussion about this post