ന്യൂഡൽഹി : ഇപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പ് നടന്നാൽ എന്തായിരിക്കും ഫലം എന്നതിനെ കുറിച്ച് ഒരു ദേശീയമാദ്ധ്യമം നടത്തിയ സർവ്വേയുടെ ഫലമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 272 സീറ്റുകൾ എൻഡിഎ സഖ്യം നിഷ്പ്രയാസം നേടുമെന്നാണ് ഈ സർവ്വേ ഫലം പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 306 സീറ്റുകളോടെ വീണ്ടും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ അധികാരത്തിൽ എത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.
പ്രതിപക്ഷ സഖ്യമായ ഐഎൻഡിഐഎ 193 സീറ്റുകൾ നേടുമെന്നാണ് സർവ്വേ പറയുന്നത്. മറ്റ് രാഷ്ട്രീയ പാർട്ടികൾ 44 സീറ്റുകൾ നേടുമെന്നും സർവ്വേ പ്രവചിക്കുന്നുണ്ട്. 2023 ജനുവരിയിലെ എംഒടിഎൻ സർവേയെ അപേക്ഷിച്ച് പുതിയ സർവ്വേയിൽ എൻഡിഎക്ക് എട്ട് സീറ്റുകളുടെ വർദ്ധനവുണ്ട്. എങ്കിലും 2019 പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ 357 സീറ്റുകൾ വച്ച് നോക്കിയാൽ സീറ്റുകളുടെ എണ്ണം കുറയുകയാണ് ചെയ്തിട്ടുള്ളത്.
പാർട്ടികളെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായ വോട്ടെടുപ്പിൽ ബിജെപി 287 സീറ്റുകൾ നേടും എന്നാണ് പുതിയ സർവ്വേ പറയുന്നത്. കേവലഭൂരിപക്ഷം ആയ 272 സീറ്റുകളെക്കാൾ 15 സീറ്റുകൾ എങ്കിലും കൂടുതൽ ബിജെപി ഒറ്റയ്ക്ക് സ്വന്തമാക്കുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. കോൺഗ്രസ് ഒറ്റയ്ക്ക് 74 സീറ്റുകൾ നേടുമെന്നും സർവ്വേ പറയുന്നു.
Discussion about this post