വിശാഖപട്ടണം : ആത്മനിർഭർ ഭാരതിന് കരുത്തേകി വൻ കരാറൊപ്പിട്ട് പ്രതിരോധമന്ത്രാലയവും ഹിന്ദുസ്ഥാൻ ഷിപ്‌യാർഡ് ലിമിറ്റഡും. നാവികസേനയ്ക്കായി അഞ്ച് ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പുകളുടെ നിർമ്മാണത്തിന് 19,000 കോടി രൂപയുടെ കരാറാണ് പ്രതിരോധമന്ത്രാലയവും എച്ച്.എസ്.എല്ലും ഒപ്പിട്ടത്.
പടക്കപ്പലുകൾക്ക് ആവശ്യമായ ഇന്ധന, വെള്ളം , ആയുധങ്ങൾ തുടങ്ങിയവ വേണ്ടപ്പോൾ എത്തിച്ചു നൽകാനുള്ള ആധുനിക കപ്പലുകളാണ് സപ്പോർട്ട് ഷിപ്പുകൾ. പടക്കപ്പലുകളുടെ പ്രവർത്തന സമയ പരിധി കൂട്ടാൻ ആവശ്യമായ സംവിധാനമാണിത്.
ആദ്യ കപ്പൽ നാലു വർഷത്തിനുള്ളിൽ കൈമാറും. തുടർന്ന് ഓരോ വർഷവും ഓരോ കപ്പൽ വീതം പുറത്തിറങ്ങും. നിലവിൽ നാല് ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പുകളാണ് നാവികസേനയ്ക്കുള്ളത്. ഇതിൽ ഏറ്റവും പഴയത് കമ്മീഷൻ ചെയ്ത് മുപ്പത് വർഷമായതാണ്.
ലോകത്തെ ഏറ്റവും വലിയ നാവികസേനയാകാൻ അതിശക്തമായി പരിശ്രമിക്കുന്ന ചൈനയ്ക്ക് പ്രതിരോധം തീർക്കണമെങ്കിൽ ഇന്ത്യൻ നാവിക സേന ഇനിയും ശക്തമാകേണ്ടതുണ്ടത്. നാവികസേനയെ ആധുനികവത്കരിക്കാൻ സമഗ്രമായ തീരുമാനങ്ങളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. 43 പടക്കപ്പലുകളാണ് നിലവിൽ ഇന്ത്യൻ നാവികസേനയ്ക്കായി നിർമ്മാണത്തിലുള്ളത്.








