തിരുവനന്തപുരം; വീണ വിജയന്റെ കമ്പനിക്ക് മുഖ്യമന്ത്രി പിന്തുണ നൽകിയിട്ടില്ലെന്നും ആ കമ്പനി പൂട്ടിപ്പോയത് അതിന് തെളിവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
കോവിഡിന് ശേഷം ആ കമ്പനി പ്രവർത്തിക്കുന്നില്ല. വീണ ഇവിടെയായതിനാൽ ബംഗലൂരുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യമായി നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് ഇമ്മാതിരി കമ്പനി നടക്കുന്നതെങ്കിൽ ആ കമ്പനിയുടെ സ്ഥിതി ഇങ്ങനെയായിരിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. അതല്ല എന്നതിന്റെ തെളിവാണ് പൂട്ടിപ്പോയതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
പാർട്ടി നേതാക്കളുടെ കാര്യത്തിൽ സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കുന്നത് സ്വാഭാവികമാണ്. എന്നാൽ മുഖ്യമന്ത്രിയുടെ മകളുടെ കാര്യത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് ഉടനെ പ്രസ്താവന ഇറക്കി ന്യായീകരിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ന്യായീകരിച്ചതല്ല വസ്തുത പറഞ്ഞതാണെന്ന പ്രതികരണത്തിൽ എംവി ഗോവിന്ദൻ മറുപടി ഒതുക്കി.
വീണ എല്ലാത്തരം നികുതിയും അടച്ചിട്ടുണ്ട്. ഏത് നികുതി അടച്ചതിനെകുറിച്ചും ആർക്കും കൃത്യമായി മറുപടി കൊടുക്കാനും അറിയാനും സാധിക്കുന്നതാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. മാസപ്പടി വിവാദത്തിൽ സിപിഎം പറഞ്ഞുനിർത്തിയതിൽ നിന്ന് ഒരിഞ്ചു മുൻപോട്ട് പോകുന്ന ഒരു വസ്തുതയും മനോരമയ്ക്കുൾപ്പെടെ കൊണ്ടു വരാൻ കഴിഞ്ഞിട്ടില്ലെന്ന വിചിത്രവാദവും അദ്ദേഹം നിരത്തി.
നേതാക്കൻമാരുടെ മക്കളുടെ കുടുംബത്തിന്റെ എല്ലാ കാര്യവും പാർട്ടി അക്കൗണ്ടിൽ വേണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുളളതാണ്. എന്നാൽ ചില കാര്യങ്ങൾ തികച്ചും തെറ്റായ രീതിയിൽ പ്രചാരവേല നടത്തി പാർട്ടിയെ കടന്നാക്രമിക്കാൻ ശ്രമിക്കുമ്പോൾ അതിന് പാർട്ടി മറുപടി പറഞ്ഞ് പോയിട്ടുണ്ട്. ഇനിയും പറയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വീണ ഐജിഎസ്ടി അടച്ചുവെന്ന് എകെ ബാലനാണ് ഉറപ്പിച്ചു പറയുന്നത്. അത് പറയേണ്ട ബാധ്യത പാർട്ടിക്ക് എന്താണെന്ന് ചോദിച്ചെങ്കിലും അതിനും കൃത്യമായ മറുപടി നൽകിയില്ല. പാർട്ടിക്ക് ബാദ്ധ്യതയുളളത് മാത്രമേ പാർട്ടി പറയുളളൂവെന്ന് ആയിരുന്നു പ്രതികരണം. എല്ലാം കൃത്യമായി അടച്ചിട്ടുണ്ട്. രേഖകൾ പുറത്തുകൊണ്ടുവരേണ്ടത് ഞങ്ങളുടെ പണിയാണോ? അത് നിങ്ങളുടെ പണിയാണ്. നിങ്ങളല്ലേ ഉളളതും ഇല്ലാത്തതും എല്ലാം പുറത്തുവിടുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആദായ നികുതി തർക്ക പരിഹാര സംവിധാനം ഉൾപ്പെടെ കേന്ദ്ര ഏജൻസിയുടെ ഭാഗമാണ് അല്ലാതെ പരിപാവനമായ കാര്യമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
കോടിയേരിയുടെ മകൻ ജയിലിലായപ്പോൾ സ്വീകരിച്ച സമീപനവും പിണറായി വിജയന്റെ മകളോടുളള സമീപനവും എന്തുകൊണ്ടാണ് രണ്ട് രീതിയിലായതെന്ന ചോദ്യത്തിനും എംവി ഗോവിന്ദൻ കൂടുതൽ പ്രതികരണത്തിന് തയ്യാറായില്ല. കോടിയേരിയുടെ മകന് കിട്ടേണ്ടതും പിണറായി വിജയന്റെ മകൾക്ക് കിട്ടേണ്ടതും ഒരുപോലെയാണ് ചെയ്തത്. അത് അന്നും കിട്ടിയിട്ടുണ്ട് ഇന്നും കിട്ടിയിട്ടുണ്ടെന്ന് ആയിരുന്നു മറുപടി.
Discussion about this post