ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ ബോർഡിൽ അഴിച്ചുപണി. ബോർഡിൽ നിന്നും നിത അംബാനി രാജിവച്ചു. മക്കളായ ആകാശ് അംബാനി, ഇഷ അംബാനി, ആനന്ത് അംബാനി എന്നിവർ പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങളായി ചുമതലയേറ്റു.
തലമുറ മാറ്റത്തിന്റെ ഭാഗമായി ഇന്ന് ഡയറക്ടർബോർഡ് യോഗം ചേർന്നിരുന്നു. ഇതിലാണ് നിത അംബാനി രാജി സമർപ്പിച്ചത്. ഇത് ബോർഡ് ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. റിലയൻസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് ഡയറക്ടർ ബോർഡിൽ നിന്നുള്ള നിതയുടെ രാജി. എന്നാൽ സ്ഥിരം ക്ഷണിതാവ് എന്ന നിലയിൽ ബോർഡ് യോഗങ്ങളിൽ നിതയ്ക്ക് പങ്കെടുക്കാം.
ഷെയർ ഹോൾഡേഴ്‌സിന്റെ നിർദ്ദേശ പ്രകാരമാണ് ആകാശ്, ഇഷ, ആനന്ദ് എന്നിവരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് പേരും നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാണ്.
റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണാണ് നിത അംബാനി. അരികവൽക്കരിക്കപ്പെട്ടവരുടെ ഉന്നതിയ്ക്കായി സാമഹിക സംഘടന എന്ന നിലയിൽ നിർണായക പ്രവർത്തനങ്ങളാണ് റിലയൻസ് ഫൗണ്ടേഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഈ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് നിതയുടെ രാജിയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ചെയർപേഴ്‌സൺ എന്ന നിലയിൽ വലിയ ഉത്തരവാദിത്വങ്ങൾ നിതയ്ക്ക് നിറവേറ്റാനുണ്ട്. അതിന്റെ ഭാഗമായാണ് രാജി. ഈ തീരുമാനം പ്രശംസനീയമാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post