മുംബൈ : രക്ഷാബന്ധനോടനുബന്ധിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന് രാഖി കെട്ടിക്കൊടുത്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിതാഭ് ബച്ചൻ തനിക്ക് ഭാരത് രത്നയാണെന്ന് മമത പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ഐഎൻഡിഐഎയുടെ യോഗത്തിൽ പങ്കെടുക്കാൻ മുംബൈയിലെത്തിയതായിരുന്നു മമത.
അമിതാഭ് ബച്ചന്റെ ജുഹുവിനെ വീട്ടിലേക്ക് ഊഷ്മളമായ സ്വീകരണമാണ് മമതയ്ക്ക് ലഭിച്ചത്. അഭിഷേക് ബച്ചനും ഐശ്വര്യ റായും ആര്യാധ്യ ബച്ചനും ഉണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചനെയും കൊച്ചുമകൾ നവ്യ നവേലി നന്ദയെയും മമത കാണുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
ബച്ചൻ കുടുംബത്തോട് തനിക്ക് അതിയായ സ്നേഹവും സൗഹാർദ്ദവുമുണ്ടെന്ന് മമത പറഞ്ഞു. ”എനിക്ക് ഈ കുടുംബത്തെ വളരെയധികം ഇഷ്ടമാണ്. ഇന്ത്യയിലെ നമ്പർ വൺ കുടുംബമാണ് ഇത്. സിനിമാ മേഖലയിലേക്ക് ഇവർ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്” മമത പറഞ്ഞു.
ദുർഗ്ഗാ പൂജയിലും കൊൽക്കത്താ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും പങ്കെടുക്കാൻ അമിതാഭ് ബച്ചനെ മമത ക്ഷണിച്ചു.
Discussion about this post