ന്യൂഡൽഹി: അതിർത്തിയിൽ നിരന്തം വെല്ലുവിളി ഉയർത്തുന്ന ചൈനയ്ക്കും പാകിസ്താനും മറുപടിയുമായി വ്യോമസേന. ചൈന- പാക് അതിർത്തി മേഖലയിൽ വ്യോമസേന വോമാഭ്യാസ പ്രകടനം നടത്തും. ലഡാക്ക് ഉൾപ്പെടെയുള്ള മേഖലകളിലാണ് ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ അഭ്യാസപ്രകടനങ്ങൾ നടത്തുക. ത്രിശൂൽ എന്നാണ് വ്യോമാഭ്യാസ പ്രകടനത്തിന് പേര് നൽകിയിരിക്കുന്നത്.
ഈ മാസം നാല് മുതൽ വ്യോമാഭ്യാസ പ്രകടനം ആരംഭിക്കും. 14 വരെ ഒരാഴ്ചയിലധികം നീണ്ടു നിൽക്കുന്നതാണ് പരിപാടി. ലഡാക്കിന് പുറമേ അരുണാചൽ പ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലാകും അഭ്യാസ പ്രകടനങ്ങൾ നടക്കുക. ഇന്ത്യയുടെ മുൻനിര യുദ്ധ വിമാനങ്ങളായ റഫേൽ, മിറാഷ് 2000, സുഖോയ്-30എംകെഐ എന്നിവയാണ് അണിനിരക്കുക. ഇതിന് പുറമേ വ്യോമസേനയുടെ ചിനൂക്, അപ്പാഷെ എന്നിവയുൾപ്പെടെയുള്ള ഹെലികോപ്റ്ററുകളെയും അഭ്യാസ പ്രകടനത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഡൽഹിയിൽ ജി 20 ഉച്ചകോടി നടക്കുമ്പോഴാണ് വ്യോമസേനയുടെ നിർണായക നീക്കം എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ മാസം 9, 10 തിയതികളിലാണ് ജി20 ഉച്ചകോടി. അടുത്തിടെ ലഡാക്ക്, അരുണാചൽ പ്രദേശ്, കശ്മീർ എന്നീ മേഖലകളിൽ വലിയ വെല്ലുവിളിയാണ് പാകിസ്താനും ചൈനയും ഉയർത്തുന്നത്. അടുത്തിടെ ഇന്ത്യൻ മേഖലകൾ ഉൾക്കൊള്ളിച്ച് ചൈന ഭൂപടം പ്രസിദ്ധീകരിക്കുകവരെയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നിർണായക നീക്കം.
Discussion about this post