കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരായ പോരാട്ടത്തിന് ഒരു ദിവസം മുന്നേ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് പാകിസ്താൻ. ശ്രീലങ്കയിലെ പല്ലക്കീൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 2നാണ് മത്സരം. നേപ്പാളിനെതിരായ ആദ്യ മത്സരം ജയിച്ചതിന്റെ ആവേശത്തിൽ പാകിസ്താൻ ഇറങ്ങുമ്പോൾ, കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ കോഹ്ലിയുടെ കരുത്തിൽ പാകിസ്താനെ തരിപ്പണമാക്കിയതിന്റെ ഓർമ്മകളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
പാകിസ്താൻ ടീം: ബാബർ അസം (ക്യാപ്ടൻ), ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, മുഹമ്മദ് റിസ്വാൻ, ഇഫ്തിക്കർ അഹമ്മദ്, സൽമാൻ ആഘ, ശദബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്
2022 ഒക്ടോബർ 23ന് ഓസ്ട്രേലിയയിൽ നടന്ന ട്വന്റി 20 ലോകകപ്പിലായിരുന്നു ഇന്ത്യയും പാകിസ്താനും ഒടുവിൽ ഏറ്റുമുട്ടിയത്. എം സി ജിയിൽ അന്ന് വിരാട് കോഹ്ലി നേടിയ 82 റൺസിന്റെ കരുത്തിൽ ഇന്ത്യ പാകിസ്താനെതിരെ തകർപ്പൻ വിജയം നേടിയിരുന്നു. അതിന് മുൻപ് ട്വന്റി 20 ഫോർമാറ്റിൽ നടന്ന ഏഷ്യാ കപ്പിൽ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയപ്പോൾ സൂപ്പർ ഫോറിൽ ജയം പാകിസ്താനൊപ്പമായിരുന്നു.
അതേസമയം മത്സരം നടക്കുന്ന ശ്രീലങ്കയിൽ നിന്നും വരുന്ന വാർത്തകൾ ആശാവഹമല്ല. മത്സരത്തിന് മഴ ഭീഷണിയായേക്കും എന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.












