മുംബൈ: മൂന്നാം യോഗം അവസാനിച്ചതിന് പിന്നാലെ ഇൻഡിയ സഖ്യത്തിൽ ഭിന്നത. സീറ്റ് വിഭജനത്തെ ചൊല്ലി സംയുക്ത വാർത്ത സമ്മേളനം മമത ബാനർജി ബഹിഷ്‌കരിച്ചു. കൃത്യമായ സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനം നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. എന്നാൽ മമതയുടെ നിലപാടിനോട് കോൺഗ്രസടക്കം മൗനം പാലിച്ചതാണ് മമതയുടെ ബഹിഷ്‌ക്കരണത്തിന് കാരണം. മമതയുടെ പ്രതിഷേധം കാരണം് ജാതി സെൻസസിൽ പ്രമേയം പാസാക്കാനായില്ല.
ആർജെഡി, ആം ആദ്മി പാർട്ടി, സമാജ് വാദി പാർട്ടി എന്നിവർക്കും മമതാ ബാനർജിയുടെ നിലപാട് തന്നെയാണുള്ളത്. ജാതി സെൻസസിന് കൂടുതൽ സമയം വേണമെന്ന നിലപാടാണ് മമതയ്ക്കുള്ളത്. മൂന്നാം യോഗത്തിന് ശേഷമുള്ള മമതയുടെ ഈ ബഹിഷ്‌ക്കരണം ഇൻഡിയ സഖ്യത്തിന് കല്ലുകടിയായിരിക്കുകയാണ്.
അതേസമയം സഹകരണം സാധ്യമല്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നിച്ചുള്ള പ്രചാരണമുണ്ടാവില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരമുപേക്ഷിച്ച് എല്ലാം സി.പി.എമ്മിന് കൈമാറുമോ? അത് സാധ്യമല്ല. സാഹചര്യങ്ങൾക്ക് അനുസൃതമായി മുന്നോട്ടുപോവും. ഭൂരിപക്ഷം സീറ്റുകളിലും സമവായം ഉണ്ടാവുമെന്നാണ് കരുതുന്നതെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ഇൻഡിയയുടെ 13 അംഗസമിതിയിലും സിപിഎമ്മിന് പ്രതിനിധിയില്ല. പരമാവധി സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കാനാണ് ‘ഇൻഡിയ ശ്രമിക്കുന്നത് എന്നായിരുന്നു മൂന്നാം യോഗത്തിലെ പ്രഖ്യാപനം.
Discussion about this post