ന്യൂഡൽഹി : രാജ്ഘട്ടിൽ ഗാന്ധി ദർശൻ മ്യൂസിയത്തിൽ മഹാത്മാഗാന്ധിയുടെ 12 അടി ഉയരമുള്ള പ്രതിമ നിർമാണം പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമു പ്രതിമ അനാച്ഛാദനം ചെയ്തു.
മഹാത്മാഗാന്ധിയുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള പ്രതിമകൾ സ്ഥാപിച്ചിട്ടുള്ള ഗാന്ധി വാടികയും രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി ലോക സമൂഹത്തിനുള്ള അമൂല്യമായ സമ്മാനമാണെന്നും അദ്ദേഹത്തിന്റെ മൂല്യങ്ങളും ആദർശങ്ങളും ലോകത്തിന് പുതിയ ദിശാബോധം നൽകിയെന്നും ചടങ്ങിൽ സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. ബാപ്പുവിന്റെ ആദർശങ്ങളും മൂല്യങ്ങളും ശാശ്വതമാണ്. അദ്ദേഹം കാണിച്ചുതന്ന പാത പിന്തുടരുന്നതിലൂടെ, ഇന്നും ലോകസമാധാനത്തിന്റെ ലക്ഷ്യം കൈവരിക്കാനാകുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ഗാന്ധി വാടികയിലെ മഹാത്മാഗാന്ധിയുടെ വൈവിധ്യമാർന്ന രൂപങ്ങളിലുള്ള പ്രതിമകൾ സന്ദർശകർക്ക് പുതിയൊരു അനുഭവമായിരിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് അവ ഒരു പ്രചോദനമാകുമെന്നും ദ്രൗപതി മുർമു വ്യക്തമാക്കി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന, ഗാന്ധി ദർശൻ വൈസ് ചെയർമാൻ വിജയ് ഗോയൽ എന്നിവർ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു.
Discussion about this post