കോട്ടയം: പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്‌കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂളിലെ 126ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പം എത്തിയാണ് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ട് ഇല്ല.
വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണുള്ളത്. പോളിംഗ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.182 ബൂത്തുകളാണ് മണ്ഡലത്തിലാകെ സജ്ജീകരിച്ചിരിക്കുന്നത്. അയർകുന്നത്തും വാകത്താനത്തുമാണ് ഏറ്റവും കൂടുതൽ ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്.
Discussion about this post