ന്യൂഡൽഹി: എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങൾ ഈ രാജ്യം ഭാരതം എന്നറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം രാജ്യം ഭാരതമായി തുടരും. ഹിന്ദു മതത്തേയും ഭാരതം എന്ന പേരിനേയും ഇല്ലാതാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഗൂഢാലോചന നടത്തുകയാണെന്നും ആരോപിച്ചു.
‘ഭാരതം എന്നത് സൂര്യനേയും ചന്ദ്രനേയും പോലെ പഴക്കമുള്ളതാണ്. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം ഭാരതവും നിലനിൽക്കും. എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങൾ രാജ്യം ഭാരതം എന്നറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ട്.” അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയിലെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ ” പ്രസിഡന്റ് ഓഫ് ഭാരത്” എന്നാണ് ദ്രൗപദി മുർമ്മു വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയത്.
” ഹിന്ദുമതം ഇല്ലാതാകണമെന്ന് പ്രതിപക്ഷം ഗൂഢാലോചന നടത്തുകയാണ്. അവർ അതിന് പിന്നാലെ തന്നെയാണ് നടക്കുന്നത്. ഭാരതത്തേയും ഇല്ലാതാക്കാൻ അവർ ആഗ്രഹിക്കുന്നു. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് ഇന്ത്യ ജോഡോ യാത്ര എന്നല്ല ഭാരത് ജോഡോ യാത്ര എന്നാണ് അവർ പേരിട്ടത്. അത് എന്തിനാണെന്ന് പ്രതിപക്ഷം പോയി ചോദിക്കണം. ഇന്ത്യ എന്നാൽ ഭാരതം എന്നാണെന്ന് ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഭാരതത്തിന്റെ പേര് ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്നതാണ്. നമ്മുടെ രാജ്യത്തിന്റെ പേര് ഭാരതം എന്നായിരുന്നു. അത് ഭാരതമായി തന്നെ നിലനിൽക്കും. എന്തിനാണ് രാജ്യം ഇംഗ്ലീഷ് പേരിൽ അറിയപ്പെടേണ്ടതെന്നും” അദ്ദേഹം പറഞ്ഞു.








