ന്യൂഡൽഹി: ഇന്ത്യ-ആസിയാൻ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയിലെത്തി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ഇന്തോനേഷ്യയിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജക്കാർത്തയിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. 20ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയും 18ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയുമാണ് ഇന്ന് ജക്കാർത്തയിൽ നടക്കുന്നത്.
തന്ത്രപ്രധാന മേഖലകളിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പങ്കാളിത്ത ഭാവി ഉച്ചകോടിയിൽ ചർച്ചയാകും. ആസിയാൻ രാജ്യങ്ങളുമായി ഒരു പുതിയ തലത്തിലേക്കുള്ള ബന്ധം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി യാത്രയ്ക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. ഉച്ചകോടികളിൽ പങ്കെടുത്തതിന് ശേഷം പ്രധാനമന്ത്രി ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങും. ഡൽഹിയിൽ ജി20 ഉച്ചകോടി നടക്കുന്ന സാഹചര്യത്തിലാണ് മടക്കം. ഊർജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഡിജിറ്റൽ മേഖല തുടങ്ങീ വിവിധ വിഷയങ്ങളിൽ നിർണായകമായ ചർച്ചകൾ ഉണ്ടാകുമെന്നാണ് വിവരം.








