ഇടുക്കി: ഇടുക്കി പീരുമേട്ടിൽ മുൻകൂർ അനുമതി വാങ്ങാതെ കെഎസ്ഇബി ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് നീക്കം. 13 പേർക്കാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം ഒന്നാം തിയതി ഉച്ചയ്ക്ക് ശേഷം പീരുമേട് സെക്ഷൻ ഓഫീസിലെ ഹാജർ ബുക്കിൽ ഒപ്പു വയ്ക്കാത്തവർ, രണ്ടാം തീയതി മുൻകൂർ അനുമതി വാങ്ങാതെ ജോലിക്ക് ഹാജരാകാതിരുന്നവർ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
സംഭവ ദിവസം മണിക്കൂറുകളോളം ഈ പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ച് സെക്ഷൻ ഓഫിസിലേക്ക് വിളിച്ചവരോട് എല്ലാവരും ടൂർ പോയതിനാൽ തകരാർ പരിഹരിക്കാനാകില്ലെന്നുമാണ് മറുപടി ലഭിച്ചത്. തകരാർ പരിഹരിക്കാനാകില്ലെന്ന് പറഞ്ഞതിന് ടെലിഫോൺ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ആളുകളിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.
ഏഴ് ദിവസത്തിനകം കാരണം ബോധിപ്പിക്കാനാണ് നിർദ്ദേശം. മറുപടി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക. പീരുമേട് സെക്ഷനിലെ സബ് എഞ്ചിനീയർ, ഓവർസിയർ, ലൈൻമാൻമാർ, വർക്കർമാർ ഉൾപ്പെടെ 12 പേരാണ് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ യാത്ര പോയത്. ജീവനക്കാരില്ലാതെ വന്നതിനാൽ 16 മണിക്കൂറുകൾക്ക് ശേഷമാണ് ഇവിടെ വൈദ്യുതി പുന:സ്ഥാപിക്കാനായത്.












