എറണാകുളം : കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം എടുത്ത് മുഖ്യമന്ത്രി സുഖലോലുപതയോട് കൂടി കഴിയുമ്പോൾ ജനങ്ങൾക്ക് യാതൊരു സുരക്ഷയും ഇല്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സാധാരണക്കാരായവരുടെ മക്കൾക്ക് കൂടി സുരക്ഷ നൽകാനുള്ള കരുണ ആഭ്യന്തരവകുപ്പ് കാണിക്കണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
എറണാകുളം ജില്ല കളക്ടർ എത്രയും പെട്ടെന്ന് പോലീസ് അധികാരികളെ വിളിച്ചുചേർത്ത് ആലുവ, പെരുമ്പാവൂർ, കളമശ്ശേരി, തൃക്കാക്കര ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ തേടണമെന്ന് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ തൊഴിലാളികൾക്കിടയിൽ കുറ്റവാളികൾ ഉണ്ടെങ്കിലോ മലയാളികളായ കുറ്റവാളികൾ ഉണ്ടെങ്കിലോ അവർക്കെതിരെ കൃത്യമായ നടപടിയെടുക്കണമെന്നുമാണ് തനിക്ക് ആവശ്യപ്പെടാൻ ഉള്ളതെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
വാഹന യാത്രക്കാർ ബെൽറ്റ് ഇടുന്നുണ്ടോ, കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോകുന്നുണ്ടോ എന്നെല്ലാം നോക്കാൻ നിരവധി ക്യാമറകൾ വെച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളെ സംരക്ഷിക്കാൻ യാതൊരു സംവിധാനവും ഇല്ല. കേരളത്തിലെ പോലീസുകാർ മാർക്സിസ്റ്റ് പാർട്ടിയുടെ ചങ്ങലക്കുള്ളിൽ ആണ്. പോലീസുകാർക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകിയാൽ മാത്രമേ അവർക്ക് ജനങ്ങൾക്ക് സുരക്ഷ ഒരുക്കാൻ കഴിയുള്ളൂ എന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
ആലുവയിൽ ഒരു കുട്ടി നേരത്തെ കൊല്ലപ്പെട്ടു, ഇപ്പോൾ ക്രൂരതയ്ക്കിരയായ കുട്ടി കടുത്ത മാനസികാഘാതത്തിലാണ് ഉള്ളത്. കുട്ടിയുടെ പിതാവും ബന്ധുക്കളുമായും കുട്ടിയെ ചികിത്സ ഡോക്ടർമാരുമായും സംസാരിച്ചു. കുട്ടി ഡോക്ടർമാരെ പോലും അടുത്തേക്ക് വരാൻ അനുവദിക്കാത്ത മാനസികാവസ്ഥയിൽ ആണുള്ളത്. യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് ഇവിടെ അതിഥി തൊഴിലാളികളുടെ കുടുംബങ്ങൾ കഴിയുന്നത്. എറണാകുളം ജില്ലാ കളക്ടർ നിസംഗത കൈവെടിയണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Discussion about this post