ന്യൂഡൽഹി: സ്‌പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസിന് കൊറോണ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ നാളെയും മറ്റന്നാളുമായി ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നും പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. പെഡ്രോ സാഞ്ചസ് തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ രോഗം സ്ഥിരീകരിച്ച വിവരം വ്യക്തമാക്കിയത്. ആരോഗ്യസ്ഥിതിയിൽ മറ്റ് പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറയുന്നു.
അതേസമയം സ്‌പെയിൻ വൈസ് പ്രസിഡന്റ്, ധനകാര്യമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയവർ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജി20 ഉച്ചകോടിയിൽ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ലോകനേതാവാണ് പെഡ്രോ സാഞ്ചസ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
അതേസമയം രാജ്യതലസ്ഥാനത്ത് ജി20 ഉച്ചകോടിക്ക് വേ്ണ്ടിയുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ന് തന്നെ രാജ്യത്ത് എത്തിച്ചേരും.












