മോദി സർക്കാർ കൊണ്ടുവന്ന സാമ്പത്തിക കുറ്റവാളി നിയമം പ്രാബല്യത്തിൽ വരുത്തിയതിനു ശേഷം കുറ്റകൃത്യം നടത്തുന്നവരെയും ഒളിച്ചോടിയവരെയും കൈമാറുന്നതിലും സ്വത്തുക്കൾ കണ്ടു കെട്ടുന്നതിലും വൻ വർദ്ധനവ് ഉണ്ടായതായി കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചു. ഇന്ത്യ നടത്തിയ ‘ക്വാണ്ടം ജമ്പ്’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 1.8 ബില്യൺ ഡോളറിൻ്റെ ആസ്തിയാണ് പിടിച്ചെടുക്കാൻ സാധിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം 12 ബില്യൺ യു എസ് ഡോളറിൽ അധികം മൂല്യമുള്ള ആസ്തികളാണ് 2014 മുതൽ കണ്ടുകെട്ടിയത്. സി ബി ഐ ആസ്ഥാനത്തു നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
യു പി എ ഭരണകാലത്ത് സാമ്പത്തിക കുറ്റകൃത്യം ചെയ്തു രാജ്യം വിട്ടുപോയതിൽ ശരാശരി നാല് പേരെ തിരിച്ച് എത്തിച്ചിരുന്നു എങ്കിൽ നരേന്ദ്രമോദി 2014 ൽ ഭരണം ഏറ്റെടുത്തതിനു ശേഷം അത് പത്തായി ഉയർന്നു. 2022 ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച തൊണ്ണൂറാമത് ഇൻ്റർപോൾ ജനറൽ അസംബ്ലിക്ക് ശേഷമാണ് ഈ മാറ്റം വരുത്താൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഈ വർഷം ഇതുവരെ പത്തൊൻപതു കുറ്റവാളികളെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. 2022 ൽ ഇരുപത്തിയേഴു പേരെയും 2021 ൽ പതിനെട്ടു പേരെയും എത്തിക്കാൻ സാധിച്ചിരുന്നു. മോദി സർക്കാർ വളരെ ശക്തമായാണ് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
ഗുരുഗ്രാം ,ഋഷികേശ്,കൊൽക്കത്ത എന്നിവിടങ്ങളിൽ അഴിമതിവിരുദ്ധ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗുകൾ ആരംഭിക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു. അതേ സമയം തന്നെ ജി 20 ഉച്ചകോടിയും രാജ്യത്ത് നടക്കുന്നത് കാര്യങ്ങൾ ഒന്നുകൂടെ അനുകൂലമാക്കും. പ്രവർത്തനാധിഷ്ഠിതമായ മേഖലകൾക്കാണ് പ്രാധാന്യം നൽകാൻ ഉദ്ദേശിക്കുന്നത്. അതായത് വിവരങ്ങൾ പങ്കിടുന്നതിലൂടെ സഹകരണം വർദ്ധിപ്പിക്കാനും ആസ്തികൾ വീണ്ടെടുക്കുന്നതിനുള്ള സംവിധാനങ്ങളെ ശക്തമാക്കാനും അധികാരകേന്ദ്രങ്ങളുടെ കാര്യശേഷി വർദ്ധിപ്പിക്കാനും ഈ മീറ്റിംഗുകൾ കൂടുതൽ സഹായിക്കും.
ഇന്ത്യയുടെ പ്രധാന അഴിമതി വിരുദ്ധ ഏജൻസിയായി സി ബി ഐ ഉയർന്നു വന്നതിനെയും അദ്ദേഹം പ്രശംസിച്ചു. 2023 ഇൽ സി ബി ഐ യുടെ വജ്രജൂബിലി ആഘോഷമാണ്. സങ്കീർണ്ണമായ പല കേസുകളും കൈകാര്യം ചെയ്യുന്നതിൽ സി ബി ഐയുടെ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. അഴിമതിക്ക് എതിരെ പ്രവർത്തിക്കുന്നതിൽ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് സഹായകരമായ വലിയ പിന്തുണയാണ് ഇതിലൂടെ ലഭിക്കുന്നത്.
Discussion about this post