ന്യൂഡല്‍ഹി : ലോക മഹാസമ്മേളനമായ ജി 20 ഉച്ചകോടിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ലോകരാഷ്ട്രങ്ങളെ സ്വീകരിക്കാന്‍ ഭാരതം തയ്യാറായിക്കഴിഞ്ഞു. രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരുക്കങ്ങളാണ് ഉച്ചകോടിക്കായി ഡല്‍ഹിയില്‍ നടത്തിയിട്ടുള്ളത്. മനോഹരമായ ചിത്രങ്ങളും ഗ്രാഫിറ്റികളും നിറഞ്ഞ ചുവരുകള്‍, വെട്ടി തിളങ്ങുന്ന ജി 20 പരസ്യ ബോര്‍ഡുകള്‍, ലോക നേതാക്കളെ ആനയിക്കുന്നതിനായി പ്രത്യേകം ക്രമീകരിച്ച വീഥികള്‍, താമസിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ആഡംബര ഹോട്ടലുകള്‍, ഭക്ഷണത്തിനായി ലോകോത്തര നിലവാരത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നിയ വിഭവങ്ങളും, ഇവ വിളമ്പുന്നതിനായി കരകൗശല വിദഗ്ദ്ധര്‍ പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണത്തിലും വെള്ളിയിലുമുള്ള പാത്രങ്ങള്‍, അത്യധുനിക സുരക്ഷാ സംവിധാനങ്ങള്‍, പ്രത്യേക ഗതാഗത പരിഷ്‌കാരങ്ങള്‍, ഇങ്ങനെ നീണ്ടു പോകുന്നു ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഭാരതം നടത്തിയ വലിയ തയ്യാറെടുപ്പുകള്‍.
സെപ്തംബര്‍ 9, 10 തീയതികളിലായി ഡല്‍ഹി പ്രഗതി മൈതാനിയില്‍ പുതുതായി നിര്‍മ്മിച്ച അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററായ ഭാരത് മണ്ഡപത്തിലാണ് ജി 20 ദ്വിദിന ഉച്ചകോടി നടക്കുക. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും സാംസ്‌കാരിക വൈവിധ്യവും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലാണ് ഭാരത് മണ്ഡപം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ‘വിന്‍ഡോ ടു ഡല്‍ഹി’ എന്ന പേരില്‍ മണ്ഡപത്തിന്റെ മുകള്‍ നിലയില്‍ ഒരു ഭാഗം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് നോക്കിയാല്‍ ഇന്ത്യ ഗേറ്റ്, രാഷ്ട്രപതി ഭവന്‍, കര്‍ത്തവ്യ പഥ് എന്നിവ ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് കാണാനാകും. കാശ്മീര്‍, ഉത്തര്‍പ്രദേശിലെ ഭദോഹി എന്നിവിടങ്ങളില്‍ നിന്നുള്ള സവിശേഷ പരവതാനികളാണ് ഭാരത് മണ്ഡപത്തില്‍ വിരിച്ചിട്ടുള്ളത്. കൂടാതെ ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കി രാജ്യത്തുടനീളമുള്ള കലാകാരന്‍മാരുടെ കലാസൃഷ്ടികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ഉച്ചകോടിക്കായി തലസ്ഥാന നഗരിയായ ഡല്‍ഹിക്ക് വന്‍ മേക്കോവറാണ് നല്‍കിയിരിക്കുന്നത്. രാഷ്ട്രതലവന്‍മാര്‍ കടന്ന് പോകുന്ന വീഥികളില്‍ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പുതിയ ചുവര്‍ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ചന്ദ്രയാന്‍ -3 ന്റെ വിജയകരമായ ലാന്‍ഡിംഗും ഇതില്‍ ഉള്‍പ്പെടുന്നു. ചെങ്കോട്ട, ഹുമയൂണിന്റെ ശവകുടീരം, താമര ക്ഷേത്രം, തുടങ്ങി പ്രമുഖ പൈതൃക കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ ബാനറുകള്‍ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ജി 20 പ്രമേയമായ വസുധൈവ കുടുംബകവുമായി ബന്ധപ്പെട്ട ചിത്രങ്ങളും നഗരത്തില്‍ പ്രടര്‍ശിപ്പിച്ചിട്ടുണ്ട്.
ലോകനേതാക്കളെയും വിദേശ പ്രതിനിധികളെയും സ്വാഗതം ചെയ്യാന്‍ ഡല്‍ഹിയിലെ മുന്‍നിര ഹോട്ടലുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലെ പ്രമുഖ ആന്താരാഷ്ട്ര ഹോട്ടലുകള്‍ വിശിഷ്ട വ്യക്തികള്‍ക്കായി പ്രത്യേകം മുറികളും സ്യൂട്ടുകളും തയ്യാറാക്കിയിട്ടുണ്ട്.
ലോക നേതാക്കള്‍ക്ക് മികച്ച ഭക്ഷണാനുഭവത്തിനായി, ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മനോഹരമായ കൊത്തുപണികളുള്ള സ്വര്‍ണവും വെള്ളിയും പൂശിയ പാത്രങ്ങള്‍ ഈ ഹോട്ടലുകളിലേക്ക് എത്തിച്ചിട്ടുണ്ട്. 200 ഓളം കരകൗശല വിദഗ്ധര്‍ ചേര്‍ന്ന് 15,000 വെള്ളി പാത്രങ്ങളാണ് ഇതിനായി നിര്‍മ്മിച്ചതെന്ന് ജയ്പൂര്‍ ആസ്ഥാനമായുള്ള ഐറിസ് മെറ്റല്‍വെയര്‍ സ്ഥാപനം അറിയിച്ചു.
ഇന്ത്യയുടെ സമ്പന്നമായ പാചക പാരമ്പര്യം വിളിച്ചോതുന്ന ഭക്ഷണങ്ങളാവും ലോക നേതാക്കള്‍ക്കായി വിളമ്പുക. മാംസാഹാരം തീര്‍ത്തും ഒഴിവാക്കിയുള്ള വിഭവങ്ങളാണ് അതിഥികള്‍ക്കായി ഒരുക്കുന്നത്. പരമ്പരാഗത വിഭവങ്ങളും പ്രാദേശിക വിഭവങ്ങളും ഇതിനായി പ്രത്യേകം പാചകം ചെയ്യും. 2023 നെ മില്ലറ്റ് ഓഫ് ദ ഇയര്‍ ആയി അവതരിപ്പിക്കുന്നതിനാല്‍ തന്നെ മില്ലറ്റ് വിഭവങ്ങള്‍ക്ക് ആയിരിക്കും കൂടുതല്‍ പ്രാധാന്യം.
ജി 20 ഉച്ചകോടി നടക്കുന്ന വേദിയും പ്രതിനിധികള്‍ താമസിക്കുന്ന ഹോട്ടലുകളും ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂഡല്‍ഹിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മുതല്‍ ഞായറാഴ്ച രാത്രി 11.59 വരെ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്. നയതന്ത്ര മേഖലയില്‍ ഡല്‍ഹി പോലീസിനെ സഹായിക്കുന്നതിനായി 50,000 സുരക്ഷാ ഉദ്യോഗസ്ഥരും കെ 9 ഡോഗ് സ്‌ക്വാഡുകളും മൗണ്ടഡ് പോലീസും ഉള്‍പ്പെടെ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണ്‍ ആക്രമണങ്ങള്‍ തടയുന്നതിനായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) കൗണ്ടര്‍ ഡ്രോണ്‍ സംവിധാനങ്ങള്‍ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ 20 രാഷ്ട്ര തലവന്‍മാര്‍ ജി 20 ഉച്ചകോടിക്കായി ദേശീയ തലസ്ഥാനത്ത് എത്തും. വസുധൈവ കുടുംബകം-ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി, എന്നതാണ് ഈ വര്‍ഷത്തെ ജി 20 യുടെ പ്രമേയം. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കുറിച്ചുള്ള ചര്‍ച്ച ദ്വിദിന ഉച്ചകോടിയുടെ അജണ്ടയിലുണ്ടാകും.
ജി20 ഉച്ചകോടിയുടെ ഭാഗമായ ലോക രാഷ്ട്രങ്ങള്‍:
അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുര്‍ക്കി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജി20 അഥവാ ഗ്രൂപ്പ് ഓഫ് ട്വന്റി.
ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ലോക നേതാക്കള്‍ പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനാക്ക്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരടക്കമുള്ളവര്‍ക്കാണ് ഈ മൂന്നു ദിവസങ്ങളില്‍ ദേശീയ തലസ്ഥാനം ആതിഥേയത്വം വഹിക്കുക.
ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെയും അസാന്നിധ്യവും ചര്‍ച്ചയായിട്ടുണ്ട്. ചൈനീസ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കും. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ ജി 20 ഉച്ചകോടി ഒഴിവാക്കുമെന്ന് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ് വ്യാഴാഴ്ച വ്യക്തമാക്കി.
സെപ്തംബര്‍ 8 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇതിനുപുറമെ, ജി 20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഞായറാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും.
Discussion about this post