ഉത്തര്‍ പ്രദേശ് : ജ്ഞാന്‍വാപി തര്‍ക്ക മന്ദിരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഐസ്ഐ) നടത്തി വന്ന ശാസ്ത്രീയ സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ അധികം സമയം അനുവദിച്ചു. പരിശോധന പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ച കൂടിയാണ് എഐസ്ഐക്ക് വാരണാസി ജില്ലാ കോടതി അനുവദിച്ച് നല്‍കിയത്.
നേരത്തെ സര്‍വേ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ കാലാവധിയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് രാജേഷ് മിശ്ര കോടതിയെ അറിയിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് ഇപ്പോള്‍ അധിക സമയം അനുവദിക്കാന്‍ കോടതി തീരുമാനിച്ചത്. പഴയ നിര്‍ദ്ദേശ പ്രകാരം സെപ്തംബര്‍ രണ്ടിനായിരുന്നു പരിശോധന പൂര്‍ത്തിയാക്കേണ്ടിയിരുന്നത്.
ജില്ലാ ജഡ്ജി എ.കെ വിശ്വേഷ് ആണ് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയുടെ എതിര്‍പ്പ് തള്ളി എഎസ്ഐയ്ക്ക് അധിക സമയം അനുവദിച്ചത്. ഓഗസ്റ്റ് നാലിനാണ് തര്‍ക്ക മന്ദിരത്തില്‍ ശാസ്ത്രീയ സര്‍വ്വേ ആരംഭിച്ചത്. പുരാതന ഹിന്ദു ക്ഷേത്രമായ വിശ്വേശ്വര്‍ മഹാദേവ ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണോ മസ്ജിദ് എന്ന് കണ്ടെത്തുകയാണ് സര്‍വ്വേയുടെ ലക്ഷ്യം.
സര്‍വ്വേയില്‍ തര്‍ക്ക് മന്ദിരത്തിന്റെ ചുമരുകളിലും തൂണുകളിലും ത്രിശൂലം, സ്വസ്തിക, മണി, പുഷ്പം തുടങ്ങിയ ഹിന്ദു ചിഹ്നങ്ങള്‍ കൊത്തിയിരുന്നതായി കണ്ടെത്തി. ലഭിക്കുന്ന എല്ലാ വിവരങ്ങളും എഐസ്ഐ ക്യാമറകളില്‍ പകര്‍ത്തുന്നുണ്ട്. സര്‍വേയില്‍, ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാര്‍ (ജിപിആര്‍) വഴി, മന്ദിരത്തിന്റെ അടിത്തട്ട് വരെ പരിശോധന നടത്തുന്നുണ്ട്.
Discussion about this post