ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ ഏറ്റവും വലിയ വിജയമായിരുന്നു റഷ്യ -യുക്രെയ്ൻ യുദ്ധത്തിലെ സംയുക്ത പ്രസ്താവന. ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ ഒന്നാകെ അതിനായി ഇന്ത്യ എടുത്ത പ്രയത്‌നത്തെ അഭിനന്ദിച്ചാണ് മടങ്ങിയത്. എന്നാൽ ആ പ്രസ്താവനയിലേക്ക് എത്തുക അത്ര എളുപ്പമല്ലായിരുന്നുവെന്ന് ജി 20 ഷെർപ്പ അമിതാഭ് കാന്ത് പറയുന്നു.
സംയുക്ത പ്രസ്താവനയ്ക്ക് പിന്നാലെ ട്വിറ്ററിലൂടെയാണ് അതിന് വേണ്ടി നടത്തിയ മാരത്തൺ ചർച്ചകളും നിരന്തര പരിശ്രമവും അമിതാഭ് കാന്ത് വെളിപ്പെടുത്തിയത്. റഷ്യയെയും ചൈനയെയും ഉൾപ്പെടെ പ്രസ്താവനയുടെ ഭാഗമാക്കുന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. 200 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകളാണ് ഇതിന് വേണ്ടി വന്നതെന്ന് അമിതാഭ് കാന്ത് പറഞ്ഞു. 300 മീറ്റിങ്ങുകൾ നടത്തി. പതിനഞ്ച് തവണ പ്രസ്താവനയുടെ കരട് രൂപം മാറ്റി തയ്യാറാക്കേണ്ടി വന്നു.
ഈ വലിയ ജോലിയിൽ തന്നെ സഹായിച്ച രണ്ട് ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന ചിത്രം സഹിതമായിരുന്നു അമിതാഭ് കാന്തിന്റെ പോസ്റ്റ്. ജി 20 ജോയിന്റ് സെക്രട്ടറിയും ഇന്ത്യൻ ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥനുമായ നാഗരാജ് നായിഡു കകനൂർ, ഈനം ഗംഭീർ എന്നിവരെയാണ് അമിതാഭ് കാന്ത് ട്വീറ്റിലൂടെ പരിചയപ്പെടുത്തിയത്.
നൂറോളം വിഷയങ്ങളിലാണ് ഇന്ത്യ ജി 20 രാജ്യങ്ങളുടെ അഭിപ്രായ ഐക്യം ഉറപ്പിച്ചത്. അതിൽ ഏറ്റവും സങ്കീർണമായിരുന്നു റഷ്യ -യുക്രെയൻ സംഘർഷവുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന. അംഗങ്ങളുടെ പിന്തുണയ്ക്കും സഹകരണത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
അമിതാഭ് കാന്തിന്റെ ട്വീറ്റിന് വലിയ പിന്തുണയാണ് ട്വിറ്ററിൽ ലഭിച്ചത്. കോൺഗ്രസ് എംപി ശശി തരൂർ ഉൾപ്പെടെയുളളവർ ഇന്ത്യയുടെ നേട്ടമാണിതെന്ന് വിലയിരുത്തിയിരുന്നു.
Discussion about this post