കൊച്ചി: ഇന്തോനേഷ്യ ഇന്റർനാഷണൽ വീൽചെയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഭാരതത്തിന് വേണ്ടി സ്വർണം നേടി മലയാളി താരം ആൽഫിയ ജയിംസ്. സിംഗിൾസിൽ സ്വർണവും ഡബിൾസിൽ വെള്ളിയും നേടിയാണ് ആൽഫിയ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയത്.
വീൽചെയർ ബാഡ്മിന്റണിൽ ദേശീയ ചാമ്പ്യനാണ് പ്രവാസി മലയാളിയായ ആൽഫിയ. മൂവാറ്റുപുഴ സ്വദേശിനിയായ താരം ഏഷ്യാ കപ്പ് ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര വേദികളിൽ ഭാരതത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
പതിനേഴാം വയസിൽ നാലാം നിലയിൽ നിന്ന് വീണ് നട്ടെല്ലിന് സാരമായി പരിക്കേറ്റതോടെയാണ് ആൽഫിയയുടെ കാലുകളുടെ ചലനശേഷി നഷ്ടമായത്. തുടർന്നുള്ള ജീവിതം വീൽചെയറിലായിരുന്നു. അപകടത്തിന് മുൻപ് ബാസ്കറ്റ്ബോൾ താരമായിരുന്നു ആൽഫിയ.
വിധിക്ക് മുന്നിൽ കീഴടങ്ങാതെ ജീവിതത്തിലേക്കും കായിക ലോകത്തേക്കും ശക്തമായ തിരിച്ചുവരവ് നടത്തിയ ആൽഫിയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വീൽചെയർ വിഭാഗത്തിലും ഓപ്പൺ വിഭാഗത്തിലും മെഡൽ നേടി. വീൽചെയർ വിഭാഗത്തിൽ ദേശീയ തലത്തിൽ വെള്ളി നേടിയ താരം ഓപ്പൺ വിഭാഗത്തിൽ ജില്ലാ തലത്തിൽ സ്വർണ മെഡൽ നേടി. വരുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ചൈനയിൽ കളിക്കാൻ യോഗ്യത നേടിയ ആൽഫിയയുടെ സ്വപ്നം പാരാലിമ്പിക്സിൽ രാജ്യത്തിന് വേണ്ടി ഒരു മെഡൽ എന്നതാണ്.
Discussion about this post