ഗാസയിലെ ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോർഡ് ഓഫ് പീസ്’ (Board of Peace) സമിതിയിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം. യുദ്ധാനന്തര ഗാസയുടെ പുനർനിർമ്മാണത്തിലും ഭരണനിർവ്വഹണത്തിലും ഭാരതത്തിന്റെ നിർണ്ണായക സാന്നിധ്യം ഉറപ്പാക്കുന്നതാണ് ട്രംപിന്റെ ഈ നീക്കം.
രണ്ടാം ഘട്ട സമാധാന പദ്ധതിയെന്നു ട്രംപ് വിശേഷിപ്പിക്കുന്ന ഈ ദൗത്യത്തിൽ ഭാരതത്തെ കൂടാതെ മറ്റ് നാല് രാജ്യങ്ങളെ കൂടി അമേരിക്ക ക്ഷണിച്ചിട്ടുണ്ട്. യുദ്ധത്തിന് ശേഷം ഗാസയിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും രൂപീകരിക്കുന്ന ഉന്നതാധികാര സമിതിയാണിത്. സമാധാന ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ടെക്നോക്രാറ്റിക് കമ്മിറ്റി ഗാസയുടെ ഭരണം നിർവ്വഹിക്കും. വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിനൊപ്പം ഗാസയെ ഭീകരവാദ മുക്തമാക്കാനും വികസന പാതയിലേക്ക് നയിക്കാനുമാണ് ഈ ബോർഡ് ലക്ഷ്യമിടുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളുമായും ഇസ്രായേലുമായും ഒരേപോലെ സുദൃഢമായ ബന്ധം പുലർത്തുന്ന ഏക രാജ്യം ഭാരതമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മികവാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ തീർക്കണമെന്നുമുള്ള ഭാരതത്തിന്റെ ‘വിശ്വമിത്ര’ നയം ലോകരാജ്യങ്ങൾ അംഗീകരിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ സുരക്ഷയും പലസ്തീനിലെ സാധാരണക്കാരുടെ ക്ഷേമവും ഒരുപോലെ പരിഗണിക്കുന്ന ഭാരതത്തിന് മാത്രമേ ഗാസയിൽ വിശ്വസനീയമായ ഇടപെടൽ നടത്താൻ കഴിയൂ എന്ന് അമേരിക്ക കരുതുന്നു. ലോകത്തെ പിടിച്ചുലയ്ക്കുന്ന ഭൗമരാഷ്ട്രീയ വിഷയങ്ങളിൽ ഭാരതം എത്രത്തോളം പ്രധാനപ്പെട്ട ശക്തിയായി മാറിയെന്നതിന്റെ തെളിവാണ് ഈ ക്ഷണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.













Discussion about this post