തിരുവനന്തപുരം: പിണറായി സ്തുതിയെ നിയമസഭയിൽ പരിഹസിച്ച് വിഡി സതീശൻ. സോളാർ കേസുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കവേ ആയിരുന്നു പരിഹാസപൂർവ്വമുളള വി.ഡി സതീശന്റെ വാക്കുകൾ.
മുൻപ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സംഭവിച്ച കാര്യം ഓർമ്മപ്പെടുത്തിയായിരുന്നു സതീശന്റെ വാക്കുകൾ. സന്തോഷ് മാധവനിൽ നിന്നും പിടിച്ചുവാങ്ങിയ നൂറിൽപരം ഏക്കർ അയാൾക്ക് തിരിച്ചുനൽകാൻ ചില ഉദ്യോഗസ്ഥൻമാർ ശ്രമിച്ചു. തന്റെ മണ്ഡലത്തിലായിരുന്നു അത്. മാദ്ധ്യമങ്ങൾ വന്ന് ചോദിച്ചപ്പോൾ അഴിമതിയാണെന്ന് താൻ തുറന്നുപറഞ്ഞു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഇതറിഞ്ഞ് നേരിട്ട് വിളിച്ചു. 24 മണിക്കൂറിനകം അതിനുളള നടപടിക്രമങ്ങൾ മുഴുവൻ മാറ്റി. അത് ശ്രദ്ധയിൽപെടുത്തിയതിന് തന്നോട് ഉമ്മൻചാണ്ടി പിന്നീട് നന്ദി പറഞ്ഞു.
മന്നവേന്ദ്ര വിളങ്ങുന്നു നിൻമുഖം ചന്ദ്രനെപ്പോലെ എന്ന് പാടുന്ന രാജകൊട്ടാരത്തിലെ വിദൂഷകരായിരുന്നില്ല ഞങ്ങൾ. നിങ്ങൾ രാജകൊട്ടാരത്തിലെ വിദൂഷകൻമാരാണ്. നിങ്ങളാണ് ഇദ്ദേഹത്തെ ചീത്തയാക്കുന്നതെന്ന് മുഖ്യമന്ത്രിയെയും ഭരണപക്ഷ എംഎൽഎമാരെയും നോക്കി വി.ഡി സതീശൻ പറഞ്ഞു. ഭീരുക്കളുടെ കൂട്ടമാണ് നിങ്ങൾ, പേടിയാണ് നിങ്ങൾക്കെന്നും സതീശൻ തുറന്നടിച്ചു.
സോളാർ കേസിൽ വ്യാജ രേഖകൾ നിർമിച്ചതിന് പിന്നിൽ ഒരു ക്രിമിനൽ ഗൂഢാലോചനയുണ്ട്. അതിലെ ഒന്നാം പ്രതി അധികാരത്തിലേറിയതിന്റെ മൂന്നാം ദിനം പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിച്ച കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും വി.ഡി സതീശൻ വിമർശിച്ചു. നിങ്ങൾ അധികാരത്തിലെത്തിയ ശേഷം പരാതിക്കാരി ഉൾപ്പെടെ നിങ്ങൾക്ക് വേണ്ടപ്പെട്ട ആളായി. അധികാരത്തിൽ വന്ന ഉടനെ നിങ്ങൾ ദല്ലാൾ നന്ദകുമാറിനെയും വശത്താക്കിയെന്നും വി.ഡി സതീശൻ ആരോപിച്ചു.
Discussion about this post