ന്യൂഡല്‍ഹി : വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. പടക്കങ്ങളുടെ നിര്‍മ്മാണം, വില്‍പ്പന, ഉപയോഗം, സംഭരണം എന്നിവയ്‌ക്കെല്ലാം നിരോധനമുണ്ടെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റോയ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പടക്കങ്ങളുടെ നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി ആര്‍ക്കും ലൈസന്‍സ് നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ദീപാവലി അടക്കമുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിഷ്‌കാരങ്ങള്‍ എന്നും ആക്ഷേപം ഉയരുന്നുണ്ട്.
‘കഴിഞ്ഞ അഞ്ചാറു വര്‍ഷമായി ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരത്തില്‍ കാര്യമായ പുരോഗതി കാണുന്നുണ്ട്, എന്നാല്‍ അത് ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍, ഈ വര്‍ഷവും പടക്കം നിരോധിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം’, റോയ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡല്‍ഹിയില്‍ സര്‍ക്കാര്‍ എല്ലാത്തരം പടക്കങ്ങളും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീപാവലി ദിനത്തില്‍ നഗരത്തില്‍ പടക്കം പൊട്ടിച്ചാല്‍ ആറുമാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഡല്‍ഹിയില്‍ പടക്കങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വില്‍പന എന്നിവ പിഴയോടെ ശിക്ഷാര്‍ഹമായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സ്ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 9 ബി പ്രകാരം 5,000 രൂപ വരെ തടവും മൂന്ന് വര്‍ഷം തടവുമാണ് ഇവര്‍ക്കുള്ള ശിക്ഷ.








