ബെയ്ജിങ്; കമ്യൂണിസ്റ്റ് ചൈനയിൽ കാണാതാകുന്ന ഉന്നതരുടെ എണ്ണം അടുത്തകാലത്തായി വർദ്ധിക്കുന്നതായി വിവരം. ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാങ്ഫുവിനെ കാണാനില്ലെന്ന് അഭ്യൂഹം ഉയർന്നതോടെയാണ് ഇത്തരത്തിലുള്ള ചർച്ചകൾ ശക്തിപ്പെടുന്നത്. കഴിഞ്ഞ മാസം സമാനമായി പൊതുവേദികളിൽ നിന്ന് ഏറെക്കാലം വിട്ടുനിന്ന ‘അപ്രത്യക്ഷനായ’വിദേശകാര്യമന്ത്രി ക്വിൻ ഗാംഗിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയിലെ വളർന്നുവരുന്ന നേതാക്കളെയും ചൈനയെ അപകീർത്തിപ്പെടുത്തുന്നതായി ഭരണകൂടത്തിന് തോന്നുന്ന വ്യക്തികളെയുമാണ് കാണാതാകുന്നത്. ഇതിന് പിന്നിൽ പ്രസിഡന്റ് ഷീ ജിൻ പിംഗ് ആണെന്നാണ് വിമർശനം ഉയരുന്നത്.
കഴിഞ്ഞ മാസം വിദേശകാര്യമന്ത്രിയെ കൂടാതെ ഷി വ്യക്തിപരമായി നിയമിച്ച പീപ്പിൾസ് ലിബറേഷൻ ആർമിയുടെ റോക്കറ്റ് ഫോഴ്സിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള രണ്ട് നേതാക്കളെ പിന്നീട് മാറ്റിയിരുന്നു. ക്വിൻ ഗാംഗിനെ പുറത്താക്കിയതിനു ശേഷം അദ്ദേഹത്തോട് കൂറ് പുലർത്തിയിരുന്ന പല ഉദ്യോഗസ്ഥരെയും ചൈന നീക്കം ചെയ്തിട്ടുണ്ട്. ചൈനയിലെ വളർന്നുവരുന്ന സമുന്നതനായ നേതാവായിട്ടായിരുന്നു ക്വിൻ ഗാങ്ങിനെ കണക്കാക്കിയത്. ഇത് തന്നെയാവാം അദ്ദേഹത്തിന്റെ തിരോധാനത്തിന്റെ കാരണമെന്നാണ് അടക്കം പറച്ചിലുകൾ.
ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി ഹു ജിന്റാവോ, ഐടി മന്ത്രി സിയാവോ യാക്കിംഗ്, ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മാ എന്നിവരെയും കാണാതായിരുന്നു. ഈ കാണാതായവർ ഇരുളിലേക്ക് മറയുന്നതല്ലാതെ പിന്നീട് പുറംലോകം കാണുന്നില്ല എന്നതാണ് ഏവരെയും ഭീതിയിലാഴ്ത്തുന്നത്.
2021 ൽ രാജ്യത്തെ കോടീശ്വരിയായ പോപ്പ് ഗായികയും ചലച്ചിത്ര താരവുമായ ഷാവോ വെയ്‌ക്കെതിരെ യുവാക്കളെ വഴി തെറ്റിക്കുകയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളിൽ നിന്ന് അകറ്റുകയും ചെയ്‌തെന്ന് ആരോപിച്ച് വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇവരുടെ സിനിമകളും ടിവി ഷോകളും അടക്കം സൈറ്റുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു.
2016 ൽ ചൈനയുടെ പൊതുസുരക്ഷാ ഉപമന്ത്രിയായിരുന്ന മെങ് ഹോങ്വെയിനെ കാണാതായിരുന്നു. പിന്നീട് 2020 ൽ ഇയാൾ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് 13 വർഷത്തേക്ക് ജയിലിലടച്ചു.
ഇങ്ങനെ കാണാതാകുന്നവരെല്ലാം ഷി ജിൻ പിങിനും കമ്യൂണിസ്റ്റ് പാർട്ടിക്കും ഒരു കാലത്ത് അപ്രിയരായിരുന്നുവെന്നതാണ് പല സംശയങ്ങളിലേക്കും വിരൽ ചൂണ്ടുന്നത്.
Discussion about this post