കൊച്ചി: ഒരു വ്യക്തി സ്വകാര്യമായി മൊബൈലിൽ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ വിതരണം ചെയ്യുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് ഐപിസി 292ാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
മൊബൈലിൽ അശ്ലീലദൃശ്യം കണ്ടുവെന്നാരോപിച്ച് അങ്കമാലി കറുകുറ്റി സ്വദേശിക്കെതിരെ ആലുവ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിൽ ആലുവ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കി.2016 ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. ആലുവ പാലസിന് സമീപം റോഡരികിൽ നിന്ന് യുവാവ് മൊബൈലിൽ അശ്ലീല വീഡിയോ കണ്ടുവെന്നായിരുന്നു കേസ്. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്ത് മൊബൈൽ പിടിച്ചെടുത്തു,
മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കാതെ സ്വകാര്യതയിൽ ഒരാൾ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റകരമാണെന്ന് കോടതിക്ക് പറയാനാകില്ല. അത് അയാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും കോടതി പറയുന്നു.












