വോട്ടർ പട്ടികയും തിരഞ്ഞെടുപ്പും അട്ടിമറിക്കപ്പെടുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ ബോധമില്ലെന്നും തനിച്ച് തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ കോൺഗ്രസിന് പ്രാപ്തിയില്ലെന്നുമാണ് ബി.ജെ.പി വക്താക്കൾ തിരിച്ചടിച്ചത്. നിരന്തരമുണ്ടാകുന്ന തോൽവികളുടെ ഉത്തരവാദിത്തം മറച്ചുവെക്കാനാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
രാജ്യത്തെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുകയാണെന്നും ജനവികാരം പ്രതിഫലിക്കുന്നില്ലെന്നും ആരോപിച്ച രാഹുൽ ഗാന്ധിക്ക്, വിധി വരുന്നതുവരെ കാത്തുനിൽക്കാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ശീലമാണുള്ളതെന്ന് ബി.ജെ.പി ആരോപിച്ചു. ത സ്വന്തം പാർട്ടിയിൽ സർവ്വാധിപത്യം പുലർത്തുന്നവർ ജനാധിപത്യ സ്ഥാപനങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് ബി.ജെ.പി ദേശീയ വക്താവ് സി.ആർ. കേശവൻ കുറ്റപ്പെടുത്തി. വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കാനുള്ള നടപടികളെ എതിർക്കുന്നത് അനധികൃത വോട്ടർമാരെ സംരക്ഷിക്കാനാണെന്നും ബി.ജെ.പി ആരോപിച്ചു.
പാർട്ടിക്ക് തനിച്ച് ഒരു സംസ്ഥാനത്തും ജയം ഉറപ്പാക്കാൻ കഴിയാത്ത പശ്ചാത്തലത്തിൽ, മറ്റ് മുന്നണി പങ്കാളികളുടെ തണലിൽ പിടിച്ച് നിൽക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബി.ജെ.പി പരിഹസിച്ചു. തോൽവികൾ നേരിടുമ്പോഴെല്ലാം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെയും വോട്ടർപട്ടികയെയു കുറ്റം പറയുന്ന രാഹുൽ ഗാന്ധിയുടെ ശൈലി അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വസനീയത തകർക്കാനുള്ള കോൺഗ്രസിന്റെ ഇത്തരം ശ്രമങ്ങളെ രാജ്യത്തെ ജനങ്ങൾ തള്ളിക്കളയുമെന്നും ബി.ജെ.പി കൂട്ടിച്ചേർത്തു.









