ശ്രീനഗർ:അനന്ത്‌നാഗിൽ കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രാജ്യത്തിന് നഷ്ടമായത് ഭീകരവിരുദ്ധ ഓപ്പറേഷനിൽ വിദഗ്ധനായ യുവ സൈനിക ഓഫീസറെ. മുൻപും കശ്മീരിൽ ഭീകരരെ വധിച്ച് ധീരതയ്ക്കുളള സൈനിക പുരസ്‌കാരം ഉൾപ്പെടെ നേടിയ കേണൽ മൻപ്രീത് സിംഗ്, അഞ്ച് വർഷമായി തുടരുന്ന രാഷ്ട്രീയ റൈഫിൾസിലെ സേവന കാലാവധി പൂർത്തിയാക്കാൻ നാല് മാസം കൂടി മാത്രം ബാക്കിയുളളപ്പോഴാണ് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുന്നത്. മൊഹാലിയിലെ മൻപ്രീത് സിംഗിന്റെ വീട്ടിലേക്ക് നാട്ടുകാരുടെ പ്രവാഹമാണ്. കുടുംബത്തെ ആശ്വസിപ്പിക്കാനും രാജ്യം മുഴുവൻ കൂടെയുണ്ടെന്ന സന്ദേശം നൽകാനും ആ നാട് മുഴുവൻ ശ്രമിക്കുന്നു.
ഭീകരരോട് സന്ധിയില്ലാതെ അവസാനം വരെയും പൊരുതുകയായിരുന്നു മൻപ്രീത് സിങ്ങ് അടങ്ങുന്ന സൈനികരുടെ സംഘം. ബുധനാഴ്ച പുനരാരംഭിച്ച ഓപ്പറേഷനിൽ അദ്ദേഹമായിരുന്നു നേതൃത്വം വഹിച്ചിരുന്നത്. ഭീകരരുമായി കനത്ത ഏറ്റുമുട്ടലാണു നടന്നത്. വെടിവെപ്പിൽ അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റിരുന്നു.
ആറു വയസ്സുള്ള മകനും രണ്ടു വയസ്സുള്ള മകളും കോളജ് ലക്ചററർ ആയ ഭാര്യ ജഗ്മീത് ഗ്രെവാളും അമ്മയും എന്നിവരും അടങ്ങുന്നതാണ് അദ്ദേഹത്തിൻ്റെ കുടുംബം. രാവിലെ താൻ അദ്ദേഹത്തോടു സംസാരിച്ചതായി ഭാര്യാസഹോദരൻ അറിയിച്ചിരുന്നു. എന്നാൽ സംസാരിച്ചു നിൽക്കാൻ കൂടുതൽ സമയമില്ലെന്നും താൻ ഭീകരർക്ക് എതിരായുള്ള ഓപ്പറേഷനിൽ ആണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പരുക്കേറ്റ വിവരമാണ് വീട്ടുകാർ അറിഞ്ഞത്. മരണവിവരം അവരെ ആദ്യം അറിയിച്ചിരുന്നില്ല.
സൈനികജീവിതത്തിൽ പതിനേഴു വർഷത്തെ സേവനം പൂർത്തിയാക്കിയ അദ്ദേഹം നാലു മാസത്തിനകം രാഷ്ട്രീയ റൈഫിൾസിലെ തൻ്റെ കാലാവധി പൂർത്തിയാക്കി വിരമിക്കാനിരിക്കുകയായിരുന്നു. 2021 ൽ അദ്ദേഹത്തിനു ധീരതയ്ക്കുള്ള സേനാമെഡൽ നൽകി രാജ്യം ആദരിച്ചിരുന്നു. ഈയിടെ കരസേനയുടെ ധീരതയ്ക്കുള്ള പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിരുന്നു. അഞ്ചു വർഷമായി അദ്ദേഹം കമാൻഡിംഗ് ഓഫ്ഫീസർ എന്ന നിലയിൽ രാഷ്ട്രീയ റൈഫിൾസിലാണ് സേവനമനുഷ്ഠിക്കുന്നത്.
കേണൽ മൻപ്രീതിനൊപ്പം ജമ്മു കശ്മീർ പൊലീസിലെ ഹുമയൂൺ ഭട്ട്, മേജർ ആശിഷ് ധോനാക്ക് എന്നിവരും വീരമൃത്യു വരിച്ചിരുന്നു. ഉസൈൻ ഖാൻ ഉൾപ്പെടെയുള്ള ഭീകരരെ വധിക്കാനുള്ള പോരാട്ടത്തിൽ ഇവർ അസാമാന്യ ധീരതയോടെയാണ് പോരാട്ടം നടത്തിയത്. ജീവൻ രാജ്യത്തിനു ബലിയർപ്പിച്ച സൈനികർക്ക് രാജ്യം അഭിവാദ്യം അർപ്പിക്കുന്നു.അവരുടെ കുടുംബത്തിൻ്റെ വിഷമത്തിൽ പങ്കുചേരുകയും ചെയ്യുന്നുവെന്ന് ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ തൻ്റെ അനുശോചനസന്ദേശത്തിൽ രേഖപ്പെടുത്തി.
Discussion about this post