ന്യൂഡൽഹി: മുംബൈ വിമാനത്താവളത്തിൽ സ്വകാര്യ ചാർട്ടേഡ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി രണ്ടായി പിളർന്നു.അപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചു. ലാൻറിങ്ങിനിടെയായിരുന്നു സംഭവം. ലാൻഡിംഗ് സമയത്ത് വിമാനത്തിൽ ആറ് യാത്രക്കാരും രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു.
കനത്ത മഴയെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടക്കുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
വിശാഖപട്ടണത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വിഎസ്ആർ വെഞ്ച്വേഴ്‌സ് ലിയർജെറ്റ് 45 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിടി-ഡിബിഎൽ മുംബൈ വിമാനത്താവളത്തിന്റെ റൺവേ 27ൽ ലാൻഡ് ചെയ്യുന്നതിനിടെ പെട്ടെന്ന് തെന്നിമാറുകയായിരുന്നുവെന്നാണ് ഡിജിസിഎ റിപ്പോർട്ട്. ഇതിനുശേഷം വിമാനം രണ്ടായി പിളർന്നു.
കനത്ത മഴയെത്തുടർന്ന് ദൂരക്കാഴ്ച വളരെ കുറവായിരുന്നതാണ് അപകടത്തിന് കാരണം. പുറത്ത് വന്ന വീഡിയോയിൽ, വിമാനത്താവളത്തിന്റെ റൺവേയ്‌ക്ക് സമീപം വിമാന അവശിഷ്ടങ്ങൾ ദൃശ്യമാണ്. അപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചതും വീഡിയോയിൽ കാണാം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തീ നിയന്ത്രണ വിധേയമാക്കി. കാനഡ ആസ്ഥാനമായുള്ള ബൊംബാർഡിയർ ഏവിയേഷൻറെ ഒരു ഡിവിഷനാണ് ഈ വിമാനം നിർമ്മിച്ചത്. ഒമ്പത് സീറ്റുകളുള്ള സൂപ്പർ-ലൈറ്റ് ബിസിനസ്സ് ജെറ്റാണ് ലിയർജെറ്റ് 45.








