ഛണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ച കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. ഫിറോസ്പൂർ ഝിർക്കയിലെ എംഎൽഎ ആയ മാമ്മൻ ഖാൻ ആണ് അറസ്റ്റിലായത്. കലാമമുണ്ടാക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ ഖാനെതിരെ പോലീസ് കേസ് എടുത്തിരുന്നു.
ഇന്നലെയാണ് ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശ്വ ഹിന്ദു യാത്ര അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിന് ഖാനെതിരെ നിർണായക തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. എന്നാൽ വിശ്വ ഹിന്ദു പരിഷതിന്റെ യാത്രയുടെ അന്ന് താൻ സ്ഥലത്ത് തന്നെ ഇല്ലായിരുന്നു എന്നാണ് ഖാന്റെ വാദം.
ഫോൺ കോൾ ഉൾപ്പെടെ പരിശോധിച്ച് ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചതിന് ശേഷമായിരുന്നു പോലീസ് അറസ്റ്റിലേക്ക് കടന്നത്. ഇക്കാര്യം പോലീസ് കോടതിയെയും അറിയിക്കും. അറസ്റ്റിന് മുൻപായി മൊഴിയെടുക്കുന്നതിനായി ഖാനെ വിളിപ്പിച്ചെങ്കിലും പോലീസിന് മുൻപിൽ ഹാജരായിരുന്നില്ല. ഇക്കാര്യവും പോലീസ് കോടതിയെ അറിയിക്കും.
അതേസമയം കേസ് എടുത്തതിന് പിന്നാലെ അറസ്റ്റിൽ നിന്നും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അടുത്ത മാസം 19 ന് ഇത് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ജൂലൈ 31 നായിരുന്നു ഹരിയാനയിലെ നൂഹിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടമാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post