തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ മാറ്റണമെന്ന് ഡോ. എസ്എസ് ലാൽ. ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ് ആരോഗ്യവകുപ്പ്. അതിനാൽ പാർട്ടിയിലെ മുതിർന്ന ആരെയെങ്കിലും കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആരോഗ്യ മന്ത്രിയെ മാറ്റണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയോട് വീണ്ടും പറയുന്നു, ആരോഗ്യവകുപ്പ് മന്ത്രിയായി പാർട്ടിയിലെ മുതിർന്ന ആരെയെങ്കിലും കൊണ്ടുവരണം. ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പാണ് ആരോഗ്യ വകുപ്പ്. പാർട്ടിയിൽ മന്ത്രിയേക്കാൾ സീനിയറായ പ്രൈവറ്റ് സെകട്ടറിയാണ് വകുപ്പ് നിയന്ത്രിക്കുന്നതെന്നാണ് ഐ.എ.എസ് കാർ പോലും പറയുന്നതത്രെ. അത്തരം ഒരു ആരോഗ്യ വകുപ്പ് സംസ്ഥാനത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
വീണയ്ക്ക് അവർക്ക് തിളങ്ങാൻ കഴിയുന്ന മറ്റേതെങ്കിലും വകുപ്പ് നൽകിയാൽ പ്രശ്‌നം തീരുമല്ലോ. ആരോഗ്യരംഗത്ത് നിൽക്കുന്ന പരിചയ സമ്പന്നരായ ഒരുപാട് പേരെ പ്രതിനിധീകരിച്ചാണ് ഞാനിത് പറയുന്നത്. ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നത്. ആരോഗ്യമന്ത്രിയോട് വ്യക്തിപരമായ ഒരു എതിർപ്പുമില്ല. രാഷ്ട്രീയരംഗത്ത് നിൽക്കുന്ന ഒരു വനിതയെന്ന നിലയിൽ അവരോട് അധിക ബഹുമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.












