ന്യൂഡൽഹി : മുൻ നിര സോഷ്യൽ മീഡിയ വെബ്സൈറ്റായ ‘എക്‌സ് ‘ ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരും. എക്സിന്റെ ഉടമയും വ്യവസായിയുമായ ഇലോൺ മസ്‌കാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഇപ്പോൾ സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന എക്സ് സേവനങ്ങൾക്ക് താമസിയാതെ പണം നൽകേണ്ടി വരുമെന്നാണ് സൂചന.

വ്യാജ അക്കൗണ്ടുകൾ തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു നീക്കം. ഇതോടെ എക്‌സ് സേവനങ്ങൾ ലഭിക്കാനായി ഉപയോക്താക്കൾ ഒരു നിശ്ചിത തുക അടയ്‌ക്കേണ്ടി വരും. എന്നാൽ പ്രതിമാസം എത്ര തുകയാണ് അടയ്‌ക്കേണ്ടത് എന്നതിനെ സംബന്ധിച്ച് മസ്‌ക് വ്യക്തമാക്കിയിട്ടില്ല.
4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റർ വാങ്ങിയത്. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം അടിമുടി മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് മസ്‌കും സംഘവും. എല്ലാകാര്യങ്ങളും ചെയ്യാൻ സാധിക്കുന്ന ഒരു ആപ്പ് ആക്കി മാറ്റാനാണ് താത്പര്യമെന്ന് മസ്‌ക് അറിയിച്ചിരുന്നു. വാങ്ങിയ ഉടനെ തന്നെ ട്വിറ്ററിന്റെ പേര് മാറ്റി കൂടെ ലോഗോയും പരിഷ്കരിച്ചിരുന്നു.
ഇപ്പോൾ എക്‌സിന് 55 കോടി സജീവ ഉപഭോക്താക്കൾ ഉണ്ടെന്ന് മസ്‌ക് അറിയിച്ചു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടയിലാണ് മസ്‌കിന്റെ ഈ വെളിപ്പെടുത്തൽ. എന്നാൽ സജീവ ഉപഭോക്താക്കളിൽ എത്രപേർ യഥാർത്ഥ ഉപയോക്താക്കൾ ആണ് എന്നതിന്റെ കണക്കുകൾ മസ്‌ക് വ്യക്തമാക്കിയില്ല.










Discussion about this post