നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ വൈക്കത്ത് സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത രാഷ്ട്രീയ ആരോപണവുമായി ദളിത് ചിന്തകനും സാംസ്കാരിക പ്രവർത്തകനുമായ സണ്ണി എം കപിക്കാട്. തന്നെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ആദ്യം രംഗത്തുവന്നത് സംഘ്പരിവാർ ശക്തികളാണെന്നും അവരെ മറികടന്നു മുന്നോട്ടുപോകാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചില്ലെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. താൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ വന്നപ്പോൾ തന്നെ സംഘ്പരിവാർ വലിയ എതിർപ്പുമായി വന്നിരുന്നു. ഈ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങിയതാകാമെന്നും ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
സീറ്റ് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി മാത്രമാണ് താൻ സംസാരിച്ചിരുന്നതെന്ന് സണ്ണി എം കപിക്കാട് വ്യക്തമാക്കി. സീറ്റ് നൽകാമെന്നല്ല, മറിച്ച് സജീവമായി പരിഗണിക്കും എന്നാണ് സതീശൻ അറിയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം തന്നെ ഒഴിവാക്കുകയായിരുന്നു. സ്ഥാനാർത്ഥിത്വം എന്നത് എല്ലാ നേതാക്കളെയും കണ്ട് നേടിയെടുക്കേണ്ട ഒന്നാണെന്ന് താൻ കരുതുന്നില്ല. പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പാണ് സീറ്റ് നിഷേധിക്കാൻ കാരണമെന്ന വാദം അദ്ദേഹം തള്ളി. അങ്ങനെയെങ്കിൽ കേരളത്തിലെ 140 മണ്ഡലങ്ങളിലും യുഡിഎഫിന് സ്ഥാനാർത്ഥികളെ നിർത്താൻ കഴിയാത്ത സാഹചര്യം വരുമെന്നും അദ്ദേഹം പരിഹസിച്ചു. തന്നെ പരിഗണിക്കുന്നു എന്ന വാർത്തകൾ വന്നപ്പോൾ എന്തുകൊണ്ട് കോൺഗ്രസ് അത് നേരത്തെ നിഷേധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ചൊവ്വാഴ്ച വൈകിട്ടാണ് സിറ്റിംഗ് എംഎൽഎമാർ ഉൾപ്പെടെയുള്ള 55 അംഗ കോൺഗ്രസ് പട്ടിക പ്രഖ്യാപിച്ചത്. വൈക്കത്ത് കെ. ബിനി മോനെയാണ് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സണ്ണി എം കപിക്കാടിനെപ്പോലൊരു സ്വതന്ത്ര വ്യക്തിത്വത്തെ വൈക്കത്ത് മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് ഒരു വിഭാഗം കരുതിയിരുന്നെങ്കിലും പാർട്ടിക്കുള്ളിലെയും പുറത്തെയും സമ്മർദ്ദങ്ങൾ തിരിച്ചടിയാവുകയായിരുന്നു. ഇടുക്കി, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ ആദ്യഘട്ടത്തിൽ ഒരു സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കാൻ ഹൈക്കമാൻഡിന് സാധിച്ചിട്ടില്ല.












