പുനലൂര്‍: പാര്‍ട്ടി നേതാക്കള്‍ മനപൂര്‍വ്വം ദ്രോഹിക്കുന്നുവെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകനും, ഇടതുമുന്നണിയുടെ ഭരണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരന് ഭാര്യയുമൊത്ത് സി.പി.എമ്മിന്റെ ഓഫീസിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാര്‍ട്ി യോഗം നടക്കുന്നതിനിടെ ഓഫിസിലെത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം. പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് മണ്ണെണ്ണ കന്നാസ് ബലമായി പിടിച്ച് വാങ്ങി അപകടം ഒഴിവാക്കുകയായിരുന്നു.
പാര്‍ട്ടിയുടെ പുനലൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ മുന്നിലായിരുന്നു ഇത്. സി.പി.എം. നേതാവ് പ്രസിഡന്റായ പുനലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് കുടുംബവുമൊത്ത് ആത്മഹത്യാശ്രമം നടത്തിയത്. നേരത്തെ ബാങ്കിന്റെ ചെമ്മന്തൂര്‍ ശാഖയില്‍ മാനേജരായിരുന്ന ഇദ്ദേഹത്തെ ഏഴുമാസം മുമ്പ് സീനിയര്‍ ക്ലര്‍ക്കായി തരംതാഴ്ത്തുകയും സ്ഥലംമാറ്റുകയും ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.
തന്നെ മനഃപൂര്‍വം ദ്രോഹിക്കുകയും ജീവിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നുവെന്നാണ് ജീവനക്കാരന്റെ ആരോപണം. തനിക്കെതിരെ നടപടിയുണ്ടായപ്പോള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ യുക്തമായ നടപടിയുണ്ടായില്ലെന്നും ജീവനക്കാരന് പറഞ്ഞു.പാര്‍ട്ടി ഓഫീസില്‍ ഇത്തരമൊരു സംഭവത്തിനിടയാക്കിയവര്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്.
Discussion about this post