തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്താം ശമ്പള കമ്മീഷന്റെ ശുപാര്‍ശകളുടെ അന്തിമ റിപ്പോര്‍ട്ട് ഈ മാസം ലഭിക്കും. ജനുവരി അവസാനമോ, ഫെബ്രുവരി ആദ്യമോ ശുപാര്‍ശകളില്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അടിയന്തര പ്രമേയത്തിനുളള മറുപടിയില്‍ വ്യക്തമാക്കി. പ്രതിപക്ഷ എംഎല്‍എമാരിലൊരാളായ എ.കെ. ബാലന്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തത് സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്ര ജീവനക്കാരുടേതിന് തുല്യമായ ശമ്പളവും മറ്റാനുകൂല്യങ്ങളും ശുപാര്‍ശ ചെയ്യുന്ന ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം സര്‍ക്കാരിന് സമര്‍പ്പിച്ചത്. അടിസ്ഥാന ശമ്പളം 2000 മുതല്‍ 12000 വരെ കൂട്ടാനും പെന്‍ഷന്‍ പ്രായം 58 ആക്കാനും ശുപാര്‍ശ ചെയ്തിരുന്നു. കുറഞ്ഞ പെന്‍ഷന്‍ തുക 8500ഉം കൂടിയത് 60000 രൂപയുമാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
എല്‍ഡി ക്ലാര്‍ക്കിന്റെ അടിസ്ഥാന ശമ്പളം 21,000 രൂപയും യുഡി ക്ലാര്‍ക്കിന്റേത് 26,500 രൂപയുമാക്കി ഉയര്‍ത്തി ശമ്പളം പരിഷ്‌കരണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. ഹൈസ്‌കൂള്‍ അധ്യാപകരുടെ (എച്ച്എസ്എ) അടിസ്ഥാന ശമ്പളം 30,700 രൂപയും സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റേത് 28,000 രൂപയുമായി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്.
Discussion about this post