ശബരിമല; ശബരിമല ദർശനത്തിനായി നോമ്പ് എടുത്തതിന്റെ പേരിൽ ക്രൈസ്തവ സഭയുടെ എതിർപ്പിന് പാത്രമായ ക്രൈസ്തവ പുരോഹിതൻ ഫാ. മനോജ് ശബരിമലയിലേക്ക്. കെട്ടുനിറച്ച് മനോജ് സ്വാമിയായി ശരണമന്ത്രങ്ങൾ ഉരുവിട്ടാണ് യാത്ര.
പന്തളംകൊട്ടാരം, പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താക്ഷേത്രം, എരുമേലി പേട്ട ശാസ്താ ക്ഷേത്രം, എരുമേലി വാവര് പള്ളി, എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തിയാണ് അയ്യപ്പസന്നിധിയിലേക്ക് എത്തുക. പ്രകൃതിയും ഭഗവാനും ഒന്നാണെന്ന സത്യം പകരാൻ വഴിയിൽ വൃഷതൈകൾ നട്ടാണ് യാത്ര.
ആറ് പേരാണ് ഒപ്പം വരുന്നത്. ഒരു ക്രൈസ്ത സഹോദരൻ ഒഴികെ തന്റെ കൂടെ വരുന്നവർ എല്ലാം ഹിന്ദു സഹോദരങ്ങളാണെന്ന് മനോജ് സ്വാമി പറഞ്ഞു. ഹൈന്ദവരെയും സ്വീകരിക്കാൻ കഴിയുമെന്നും അവരെയും സ്നേഹിക്കാൻ കഴിയുമെന്നും എന്റെ ജീവിതം കൊണ്ട് കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായ ഫാ. മനോജ് തിരുമല മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് കെട്ടുനിറച്ചത്. ആംഗ്ലിക്കൽ പുരോഹിതനായ ഫാ. മനോജ് ശബരിമല ദർശനത്തിന് വ്രതം എടുത്തതിന്റെ പേരിൽ സഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഫാ. മനോജിന്റെ പുരോഹിതപട്ടവും റദ്ദാക്കിയിരുന്നു.
പ്രകൃതിയെ സംരക്ഷിക്കുകയെന്നത് വലിയ കാര്യമാണെന്നും ദൈവം, പ്രകൃതി, മനുഷ്യൻ എന്നീ മൂന്ന് കാര്യങ്ങളിലാണ് വിശ്വാസമുളളതെന്നും താൻ പഠിപ്പിക്കുന്നതും അതാണെന്ന് ഫാ. മനോജ് പറഞ്ഞു. പ്രകൃതിയെ സ്നേഹിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ലോകസമാധാനത്തിന് വേണ്ടിയും കൂടിയാണ് വൃക്ഷതൈകൾ നടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്വൈത പ്രചാര സഭയാണ് ഫാ. മനോജിന്റെ ശബരിമല യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.
Discussion about this post