തിരുവനന്തപുരം; കേരളത്തിൽ നടക്കുന്ന പൊതുചടങ്ങുകളുടെയും സമ്മേളനങ്ങളുടെയും പ്രാരംഭത്തിൽ ആലപിക്കുന്നതിന് സ്വന്തമായി ഒരു കേരളഗാനം ആവശ്യമെന്ന് കേരള സർക്കാർ. അത് കണ്ടെത്തുന്നതിനു വേണ്ടി കേരളസാഹിത്യ അക്കാദമിയെയാണ് ഏല്പിച്ചിരിക്കുന്നത്. അനുയോജ്യമായ രചനകളും നിർദ്ദേശങ്ങളും കവികളിൽ നിന്നും ഗാനരചയിതാക്കളിൽ നിന്നും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ചടങ്ങുകൾക്ക് പ്രാരംഭമായി ഈശ്വരപ്രാർത്ഥനയാണ് ചൊല്ലിയിരുന്നത്. എന്നാൽ അത് മാറ്റണമെന്ന് സർക്കാർ തലത്തിൽ ആലോചനയുണ്ടായി. 2018 ൽ സർക്കാറിൻ്റെ വാർഷികച്ചടങ്ങിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കേരളഗാനത്തിൻ്റെ കാര്യം പരിഗണനയിലുണ്ടെന്ന് ആദ്യമായി വെളിപ്പെടുത്തിയിരുന്നത്. തൃശൂരിൽ എഴുത്തുകാരും സാംസ്കാരികനായകരുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിലായിരുന്നു ഈ വെളിപ്പെടുത്തൽ.
പൊതുചടങ്ങുകളിലെ ചില പ്രാർത്ഥനാഗീതങ്ങൾ ദേവതാസ്തുതികൾ ആണെന്നും അത് അരോചകമാണെന്നും അന്ന് അദ്ദേഹം പറഞ്ഞു. ഈ ഗീതങ്ങൾ ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ചേരുന്നതല്ലെന്നും അതുകൊണ്ടാണ് കേരളഗീതം പരിഗണിക്കുന്നതെന്നും പറഞ്ഞു. മതഭേദമില്ലാതെ പൊതുഗാനമായി സ്വീകരിക്കാവുന്ന ഒരു ഗാനമാണ് സർക്കാർ അന്വേഷിക്കുന്നത്.
കേരളത്തിൻ്റെ ഭൂപ്രകൃതിയും മറ്റു തനിമകളും ഒത്തുചേർന്നതായിരിക്കണം രചനകൾ. കൂടാതെ മൂന്നുമിനിറ്റ് കൊണ്ട് ആലപിച്ചു തീർക്കാവുന്നതായിരിക്കണം. എല്ലാവർക്കും ആലപിക്കുന്ന ശൈലിയും സംഗീതാത്മകതയും ഉള്ളതുകൂടെ ആയിരിക്കണം രചനകൾ എന്നും അറിയിപ്പിലുണ്ട്.
താല്പര്യമുള്ളവർക്ക് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-20 Email: office@keralasahityaakademi.org എന്ന വിലാസത്തിലേക്ക് രചനകൾ അയയ്‌ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2331069 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. രചനകൾ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 15 ആയിരിക്കും.
Discussion about this post