റഷ്യയ്ക്ക് പിന്നാലെ ഇറാനെയും വരിഞ്ഞുമുറുക്കി ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക യുദ്ധം. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന ലോകത്തെ ഏത് രാജ്യത്തിനും ഇനി അമേരിക്കൻ വിപണിയിൽ 25 ശതമാനം അധിക നികുതി നൽകേണ്ടി വരും. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയം ആഗോള വിപണിയെ വീണ്ടും പിടിച്ചുകുലുക്കുകയാണ്. ഇറാനിലെ ഇസ്‌ലാമിക് റിപ്പബ്ലിക്കുമായി ഏതെങ്കിലും തരത്തിലുള്ള വ്യാപാര ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കെതിരെ 25 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് ട്രംപിന്റെ തീരുമാനം. ഈ ഉത്തരവ് ‘അന്തിമവും നിർണ്ണായകവുമാണ്’ എന്നാണ് അദ്ദേഹത്തിൻറെ വാക്കുകൾ.
ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട നടപടികളിൽ പ്രതിഷേധിച്ചാണ് ഈ സാമ്പത്തിക ഉപരോധം എന്നാണ് വിലയിരുത്തൽ. ഇറാനിൽ നിന്ന് എണ്ണയോ മറ്റ് ഉൽപ്പന്നങ്ങളോ വാങ്ങുന്ന രാജ്യങ്ങൾ അമേരിക്കയിലേക്ക് സാധനങ്ങൾ കയറ്റി അയക്കുമ്പോൾ 25% അധിക തുക നികുതിയായി നൽകണം. ഇത് ആഗോള വ്യാപാരത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഏതാനും ദിവസങ്ങൾക്ക് മുൻപ് റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കും സമാനമായ നികുതി ഭീഷണി ട്രംപ് ഉയർത്തിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500% വരെ നികുതി ഏർപ്പെടുത്തുന്ന ബില്ലിന് ട്രംപ് പിന്തുണ നൽകിയതായും റിപ്പോർട്ടുകളുണ്ട്.













Discussion about this post