ഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ (ഡി.ഡി.സി.എ) ഫണ്ടില്‍ ജെയ്റ്റ്‌ലി തിരിമറി നടത്തിയെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.
അന്വേഷണം നടന്നാല്‍ ജെയ്റ്റ്‌ലിയുടെ അഴിമതികള്‍ പുറത്ത് വരുമെന്നും ഇത് തടയാനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയതെന്നും പാര്‍ട്ടി ആരോപിച്ചു. 1999നും 2015നും ഇടക്ക് വ്യാജകമ്പനികളുണ്ടാക്കി പണം തട്ടിയ കേസാണിതെന്ന് എ.എ.പി നേതാവ് കുമാര്‍ വിശ്വാസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ആന്റി കറപ്ഷന്‍ ബ്യൂറോയുമായി ബന്ധപ്പെട്ട് ഈ വിഷയം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ രേഖകള്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഡയറി പോലും സി.ബി.ഐ കൊണ്ടുപോയി. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് മുഴുവന്‍ രേഖകളും കൊണ്ടുപോകാന്‍ കഴിയാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ 57 കോടി വെട്ടിച്ചെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ ആരോപിച്ചു. 24 കോടി രൂപയ്ക്ക് നിര്‍മ്മാണം നടത്താനായിരുന്നു ഡിഡിസിഎയുടെ പദ്ധതി. എന്നാല്‍ ആകെ ചെലവായത് 114 കോടി രൂപയാണ്. സ്‌റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണ ചുമതല വഹിച്ച പൊതുമേഖലാ സ്ഥാപനമായ എന്‍ജിനീയറിംഗ് പ്രോജക്ട്‌സ് ഇന്ത്യയ്ക്ക് നല്‍കിയത് 57 കോടി മാത്രമാണ്. ബാക്കി 57 കോടി എവിടെ പോയെന്നും ഛദ്ദ ചോദിച്ചു.
അരുണ്‍ ജെയ്റ്റ്‌ലിക്കു പങ്കുള്ള ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഫയലുകള്‍ക്കുവേണ്ടിയാണ് സി.ബി.ഐ തന്റെ ഓഫിസില്‍ തിരച്ചില്‍ നടത്തിയതെന്ന ആരോപണം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെയും ആവര്‍ത്തിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഫയലുകളുടെ പട്ടിക പുറത്തുവിട്ട കെജ്‌രിവാള്‍ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി അന്വേഷണത്തെ ജെയ്റ്റ്‌ലി ഭയപ്പെടുന്നതെന്തിനെന്നും ചോദിച്ചു.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്ന്് ജെയ്റ്റ്‌ലി പ്രതികരിച്ചു. സ്വന്തം പിഴവുകള്‍ മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ മേല്‍ പഴി ചാരുന്നത് എഎപിയുടെ ശീലമാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെയും ശീലം ഇത് തന്നെയാണെന്നും നഖ്‌വി പറഞ്ഞു.
2013 വരെയുള്ള 13 വര്‍ഷം ഡിഡിസിഎയുടെ പ്രസിഡന്റായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. അതേ സമയം ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്നും അന്വേഷണം പൂര്‍ത്തിയാകും വരെ ജെയ്റ്റ്‌ലിയെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിനിര്‍ത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജെയ്റ്റ്‌ലി അധ്യക്ഷനായിരുന്ന അസോസിയേഷനില്‍ ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കോണ്‍ഗ്രസ് വക്താവും മുന്‍ സ്‌പോര്‍ട്‌സ് മന്ത്രിയുമായ അജയ് മാക്കന്‍ ആരോപിച്ചു.
Discussion about this post