ഭുവനേശ്വർ : പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ ഒഡിഷയിൽ രണ്ട് എംഎൽഎമാരെ ബിജെഡി പുറത്താക്കി. ഒഡിയ ദിനപത്രത്തിന്റെ ഉടമയും എഡിറ്ററുമായ സൗമ്യ രഞ്ജൻ പട്‌നായികും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ബിജെഡി അധ്യക്ഷൻ നവീൻ പട്‌നായിക് ആണ് എംഎൽഎമാരെ പുറത്താക്കിയ വിവരം വെളിപ്പെടുത്തിയത്.
രെമുനയിൽ നിന്നുള്ള എംഎൽഎ സുധാംശു ശേഖർ പരിദയാണ് പുറത്താക്കപ്പെട്ട മറ്റൊരു എംഎൽഎ. ഖണ്ഡപദയിൽ നിന്നുള്ള എംഎൽഎയാണ് സൗമ്യ രഞ്ജൻ പട്‌നായിക്. സെപ്തംബർ 12ന് സൗമ്യ രഞ്ജൻ പട്‌നായിക്കിനെ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഒഡിയ ദിനപത്രമായ സംബാദിന്റെ എഡിറ്ററായ അദ്ദേഹം സ്വന്തം പാർട്ടിയെ കടന്നാക്രമിച്ചുകൊണ്ടുള്ള രണ്ട് എഡിറ്റോറിയലുകൾ എഴുതിയതാണ് പുറത്താക്കപ്പെടാനുള്ള കാരണം എന്ന് പറയപ്പെടുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വികെ പാണ്ഡ്യൻ തന്റെ ഔദ്യോഗിക സ്ഥാനത്തിനപ്പുറം സ്വാധീനം ചെലുത്തിയെന്നാരോപിച്ചെന്നാണ് ഈ സർക്കാർ വിരുദ്ധ എഡിറ്റോറിയലുകളുടെ ഇതിവൃത്തം. എന്നാൽ സംബാദ് ദിനപത്രത്തിലെ 300ലധികം ജീവനക്കാരുടെ പേരിൽ കോടിക്കണക്കിന് രൂപ വായ്പ എടുത്തു ബാങ്ക് തട്ടിപ്പ് നടത്തിയെന്ന് ആരോപണം നടത്തുന്ന നേരിടുന്ന വ്യക്തിയാണ് സൗമ്യ രഞ്ജൻ പട്‌നായിക്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഒഡീഷ പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇയാൾക്കെതിരെ കേസെടുത്തിരുന്നു.








