ഡല്‍ഹി: തനിക്കെതിരെയുള്ള അഴിമതി ആരോപണം ആം ആദ്മി പാര്‍ട്ടിയുടെ കള്ളപ്രചരണമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആം ആദ്മി പാര്‍ട്ടിയുടെ ആരോപണങ്ങള്‍വ്യാജമാണെന്ന് പറഞ്ഞത്.
ഒരാള്‍ക്ക് തുറന്ന അഭിപ്രായങ്ങള്‍ നടത്താന്‍ മൗലിക അവകാശമുണ്ടെന്നും എന്നാല്‍ കള്ളം പറയാം എന്നതും ആ അവകാശത്തിലുള്‍പ്പെടുമോ എന്ന് ചോദിച്ചാണ് ജോയ്റ്റ്‌ലി തന്റെ കുറിപ്പ് തുടങ്ങുന്നത്. അരവിന്ദ് കെജ്‌രിവാള്‍ ഉന്മാദാവസ്ഥത്തിലുള്ള ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വയം വെട്ടിലായിരിക്കുമ്പോള്‍ അതില്‍ നിന്നും മറ്റുള്ളവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനുള്ള ഒരു തന്ത്രമാണിത്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി തനിക്കെതിരെ തിരിഞ്ഞു. ഡല്‍ഹി റെയ്ഡിനെക്കുറിച്ച് ഞാന്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഡി.ഡി.സി.എയുടെ അധ്യക്ഷനായിരുന്ന എനിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളും ഉന്നയിച്ചു- ജെയ്റ്റ്‌ലി പറയുന്നു.
ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനുമായി 2013 മുതല്‍ തനിക്ക് ബന്ധമില്ലെന്നും 2014-15 കാലയളവിലെ സംഭവങ്ങള്‍ വെച്ച് അരവിന്ദ് കെജ്‌രിവാളിന് തനിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ കെജ് രിവാളിനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ (ഡി.ഡി.സി.എ) ഫണ്ടില്‍ ജെയ്റ്റ്‌ലി തിരിമറി നടത്തിയെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.
Discussion about this post