ന്യൂഡൽഹി: പശ്ചിമബംഗാളിൽ വ്യാപകമായി ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നതിനിടെ മുഖ്യമന്ത്രി മമത ബാനർജി സ്‌പെയിനിൽ പോയതിനെ വിമർശിച്ച് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. ആളുകൾക്കിടയിൽ രോഗം പടർന്നു പിടിക്കുന്നതിനെ കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, എന്നാൽ ജനങ്ങളുടെ ദുരിതം കാണാതെ മമത ബാനർജി സ്‌പെയിനിലെ ആഡംബര ഹോട്ടലുകളിൽ താമസിക്കുകയാണെന്നും അധീർ രഞ്ജൻ ചൗധരി വിമർശിച്ചു.
” ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിൽ തന്നെ ആളുകൾക്കിടയിൽ ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ അവർ അത് ഗൗനിച്ചില്ല, സാധാരണക്കാരോട് സർ്ക്കാർ മുഖം തിരിക്കുകയാണ്. അവർക്ക് സ്‌പെയിനിലേക്ക് പോകാം, പക്ഷേ ഇവിടുത്തെ ആളുകളുടെ പ്രശ്‌നങ്ങളോ വേദനയോ മനസിലാക്കാൻ പറ്റില്ല. മുഖ്യമന്ത്രിയായിരിക്കുന്നതിന് ശമ്പളം വാങ്ങുന്നില്ലെന്നാണ് അവർ പറയാറ്. പക്ഷേ മാഡ്രിഡിലെ ഒരു ഹോട്ടലിൽ താമസിക്കണമെങ്കിൽ പ്രതിദിനം മൂന്ന് ലക്ഷം എങ്കിലും വേണം. ഇത് എങ്ങനെയാണ് സാധിക്കുന്നത്?
ആഡംബര യാത്രയാണ് അവർ നടത്തുന്നത്. ഈ യാത്രയ്ക്ക് വേണ്ടി മാത്രം എത്ര രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. ബിശ്വ ബംഗ്ലാ വ്യവസായ മീറ്റിൽ മമത ബാനർജി ചെലവഴിച്ചതിന്റെ 10 ശതമാനം തിരികെ ലഭിച്ചിരുന്നെങ്കിൽ, ബംഗാളിലെ ലക്ഷക്കണക്കിന് തൊഴിലില്ലാത്തവർക്ക് ജോലി ലഭിക്കുമായിരുന്നു. ഏതൊക്കെ സ്പാനിഷ് കമ്പനികളാണ് ബംഗാളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയണമെന്നും’ അധീർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.
Discussion about this post